കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം മ്യൂസിയം ആയി മാറുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ മറ്റൊരു ശേഷിപ്പായി കെട്ടിടം ഇടം പിടിക്കും. ബ്രിട്ടീഷ് ഭരണ കാലത്തെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്നു തളിപ്പറമ്പ താലൂക്ക് ഓഫീസ് കെട്ടിടം. 1910ൽ സ്ഥാപിച്ച കെട്ടിടത്തിലായിരുന്നു സബ് ജയിൽ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയവ പ്രവർത്തിച്ചിരുന്നത്.
ഡിവൈ.എസ്.പി, സർക്കിൾ ഇൻസ്പെക്‌ടർ എന്നിവരുടെ ഓഫീസുകളും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസും ഇവിടെയായിരുന്നു. തളിപ്പറമ്പിൽ മജിസ്ട്രേറ്റ് കോടതി നിലവിൽ വരുന്നതു വരെ കോടതിയും പ്രവർത്തിച്ചത് താലൂക്ക് ഓഫീസ് കെട്ടിടത്തിലായിരുന്നു. തഹസിൽദാർമാർ തന്നെയാണ് മജിസ്ട്രേറ്റായി അന്ന് പ്രവർത്തിച്ചിരുന്നത്. പിൽക്കാലത്ത് സെല്ലുകളുടെ ഇടമതിലുകൾ തട്ടിമാറ്റി ജനലും വാതിലും സ്ഥാപിച്ച് ഒരു ഹാളാക്കി മാറ്റുകയായിരുന്നു. തടവുകാരെ പാർപ്പിച്ച സെല്ലുകളടക്കം ചരിത്രങ്ങൾ പലതും കെട്ടിടത്തിന്‍റെ ഭാഗമായി ഇന്നും കാണാൻ സാധിക്കും.
ചരിത്രത്തിന്‍റെ ഏടാകും തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം
1983ൽ അഹമ്മദ് നഗർ പരിഷ്ക്കാരത്തെ തുടർന്നാണ് ജയിൽ സെല്‍ ഹാളാക്കി മാറ്റിയതെന്ന് മുൻ തളിപ്പറമ്പ് തഹസിൽദാരായിരുന്ന റിട്ട. എ.ഡി.എം. രാമദാസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും ഈ സെല്ലുകളിൽ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകൾ ഒന്നും തന്നെ ഇതു വരെ ലഭ്യമായിട്ടില്ല. തളിപ്പറമ്പിൽ പുതിയ റവന്യൂ ടവർ സ്ഥാപിക്കുന്നതോടെ ചരിത്ര പ്രാധാന്യമുള്ള താലൂക്ക് ഓഫീസ് കെട്ടിടം മ്യൂസിയമായി മാറ്റാനാണ് തീരുമാനം. അത് പുതുതലമുറക്ക് കണ്ടറിയാനുള്ള ചരിത്രത്തിന്‍റെ ഏടായി മാറുമെന്നുറപ്പാണ്.
also read: പാരാലിമ്പിക്‌സില്‍ ഇന്ത്യൻ ചരിത്രം; ടോക്കിയോയില്‍ നിന്ന് 19 മെഡലുകളുമായി മടക്കം