കണ്ണൂര്‍: കൊവിഡ് സംശയനിവാരണത്തിനായി പരിയാരം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം സജീവം. ജില്ല റെഡ് സോണിലായതിനാൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും കുറവാണ്. അതിനാല്‍ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് തടയാൻ വേണ്ടിയാണ് പരിയാരം പഞ്ചായത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോൾ സെന്‍റര്‍ ആരംഭിച്ചത്.
രാവിലെ 10 മണി മുതൽ 5 മണി വരെയാണ് സെന്‍റര്‍ പ്രവർത്തിക്കുക. നാലുപേർക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. വരുന്ന കോളുകൾ പരിശോധിച്ച് പ്രസിഡന്‍റ്, സെക്രട്ടറി, മെമ്പർമാർ എന്നിവർക്ക് കൈമാറും. തുടര്‍ന്ന് അവശ്യസാധനങ്ങളും മരുന്നും സന്നദ്ധ വളണ്ടിയർമാരെ ഉപയോഗിച്ച് എത്തിക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂരാണ് ആദ്യദിനം കോളുകള്‍ സ്വീകരിച്ചത്. പൊലീസ്, എക്സൈസ് എന്നിവരുടെ സേവനങ്ങള്‍ക്കായും കോൾ സെന്‍ററിലേക്ക് വിളിക്കാം. പഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ്, വൈസ് പ്രസിഡന്‍റ് കെ.വി രമ, സെക്രട്ടറി വി.പി സന്തോഷ് കുമാർ എന്നിവരാണ് കോള്‍ സെന്‍റര്‍ നിയന്ത്രിക്കുന്നത്.