കണ്ണൂർ : വൈദേശികാധിപത്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ പോരാടി മരിച്ച അനേകായിരങ്ങളുടെ പേരുകള്‍ ബോധപൂർവമോ അല്ലാതെയോ ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. യഥാർഥ ചരിത്രത്തെ മറച്ചുവയ്ക്കാനുളള ശ്രമങ്ങൾ രാജ്യത്ത് നടന്നുവരുന്നുവെന്ന ആരോപണങ്ങൾ ശക്തമായിരിക്കെ രാമന്തളിയിലെ 17 രക്തസാക്ഷികളുടെ ഓർമകള്‍ക്ക് പ്രസക്തിയേറുകയാണ്.
1524ൽ പോർച്ചുഗീസുകാരുമായി എറ്റുമുട്ടി മരണം വരിച്ചവരാണ് രാമന്തളി ശുഹദാക്കൾ. കേരളത്തിലെമ്പാടും മുസ്ലിം സമൂഹത്തിന് നേരെ പോർച്ചുഗീസുകാർ അക്രമണമഴിച്ചുവിടുക പതിവായിരുന്നു. ഇതിനെതിരെ പോരാട്ടത്തിനിറങ്ങിയ യുവാക്കളായിരുന്നു ഇവര്‍. എന്നാൽ തോക്കുകളും പീരങ്കികളും കൈവശമുണ്ടായിരുന്ന പറങ്കികൾക്കെതിരെ എറ്റുമുട്ടി 17 പേരും രക്തസാക്ഷിത്വം വരിച്ചു.
യോദ്ധാക്കളെ പിടികൂടിയ പോർച്ചുഗീസ് പട അവരെ വെട്ടിയരിഞ്ഞ് രാമന്തളി ജുമാ മസ്‌ജിദിനോട് ചേർന്നുള്ള കിണറ്റിലിട്ടു. ഈ കിണർ നിന്ന സ്ഥാനത്താണ് പോരാട്ടത്തിൽ കൊല്ലപ്പെട്ട 17 പേരുടേയും ഖബറിടമായ 17 ശുഹദാ മഖാം സ്ഥിതി ചെയ്യുന്നത്.
ഹസ്രത്ത് പോക്കർ മൂപ്പറായിരുന്നു പരങ്കിപ്പടക്കെതിരായ പോരാട്ടത്തിന്‍റെ പടനായകൻ. സംഘത്തിലുണ്ടായിരുന്ന പരി, ഖലന്തർ, കുഞ്ഞിപ്പരി, കമ്പർ, അബൂബക്കർ, അഹമ്മദ്, ബാക്കിരി ഹസൻ, ചെറിക്കാക്ക തുടങ്ങിയ യോദ്ധാക്കളുടെ പേരുകൾ മാത്രമേ ഇതിൽ അറിയപ്പെടുന്നുള്ളൂ. അതേസമയം ഇപ്പോഴും ഈ പ്രദേശത്തുനിന്ന് പോരാട്ടത്തിന്‍റെ അവശേഷിപ്പുകൾ കണ്ടെടുക്കാറുണ്ട്.