കണ്ണൂർ : പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ പണയത്തട്ടിപ്പിന് ഉപയോഗിച്ച മുക്കുപണ്ടങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. 31 അക്കൗണ്ടുകളിലായി പണയം വെച്ച മുക്കുപണ്ടങ്ങളാണ് പിടിച്ചെടുത്തത്. അടുത്ത ദിവസം ഇവ കോടതിയിൽ ഹാജരാക്കും.
പഞ്ചാബ് നാഷണൽ ബാങ്കിലെ അപ്രയ്‌സറായിരുന്ന രമേശൻ സുഹൃത്തുക്കളുടെ പേരിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് അരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. ബാങ്ക് പരിശോധന പൂർത്തിയാക്കി പരാതി നൽകുമ്പോഴേക്കും സംഭവത്തിൽ ആരോപണ വിധേയനായ അപ്രൈസർ രമേശൻ ആത്മഹത്യ ചെയ്തിരുന്നു.
തുടർന്നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ബാങ്കിലെ ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്തത്. തുടർന്ന് ബാങ്കിൽ പണയംവച്ച ആഭരണങ്ങളുടെ പരിശോധന നടത്തി മുക്കുപണ്ടങ്ങൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
READ MORE: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുക്കുപണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കും
മാനേജർ, ബാങ്കിന്‍റെ അഭിഭാഷകൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.