കണ്ണൂര്‍ : പുതുച്ചേരിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കും. ഒക്ടോബർ 21, 25, 28 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ്. 21ന് ഒന്നാം ഘട്ടത്തില്‍ മാഹി, കാരൈക്കൽ, യാനം മുനിസിപ്പാലിറ്റികളിലേക്കുള്ള പോളിങ് നടക്കും.
25ന് പുതുച്ചേരി, ഉഴവർകരൈ മുനിസിപ്പാലിറ്റികളിലും 28ന് കമ്യൂൺ പഞ്ചായത്തുകളിലും നടക്കും. സെപ്‌റ്റംബര്‍ 30 മുതൽ പത്രിക നൽകാം. ഒക്ടോബർ 31നാണ് ഫല പ്രഖ്യാപനം.
2006ലാണ് അവസാനമായി ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയില്‍ 5 മുനിപ്പാലിറ്റികളും 10 കമ്യൂൺ പഞ്ചായത്തുകളുമാണുള്ളത്. പുതുച്ചേരിയിലെ 2 മുനിസിപ്പാലിറ്റിയിലും 5 കമ്യൂൺ പഞ്ചായത്തിലും 7,72,753 വോട്ടർമാരുമാണുള്ളത്.
Also read: മാഹിയില്‍ ലോക്ക് ഡൗൺ ഇളവുകൾ
കാരൈക്കലില്‍ ഒരു മുനിസിപ്പാലിറ്റിയും 5 പഞ്ചായത്തുകളുമുണ്ട്. വോട്ടർമാരുടെ എണ്ണം 1,61,556 ആണ്. യാനം മുനിസിപ്പാലിറ്റിയിൽ 37,817 വോട്ടർമാരും മാഹി മുനിസിപ്പാലിറ്റിയില്‍ 31,139 വോട്ടര്‍മാരുമുണ്ട്. മൊത്തം വോട്ടർമാരില്‍ 5,31,431 പേര്‍ വനിതകളും 4,72,650 പുരുഷൻമാരുമാണ്. 116 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
2006ൽ നടന്ന തെരഞ്ഞെടുപ്പിൽ 6,59,716 വോട്ടർമാരിൽ 5,22,182 പേരാണ് വോട്ട് ചെയ്‌തത്. 5 മുനിസിപ്പാലിറ്റികളിൽ 116 കൗൺസിലർമാരും 10 കമ്യൂൺ പഞ്ചായത്തുകളിൽ 108 അംഗങ്ങളും 108 ഗ്രാമ പഞ്ചായത്തുകളിൽ 812 വാർഡ് അംഗങ്ങളുമാണുള്ളത്.