കണ്ണൂര്‍: പരിയാരം പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ11 സീറ്റില്‍ കോണ്‍ഗ്രസും ആറ് സീറ്റില്‍ മുസ്ലിം ലീഗും ഒരു സീറ്റില്‍ സിഎംപിയുമാണ് മത്സരിക്കുന്നത്. 'മാറാനുറച്ച് പരിയാരം, മാറ്റാനുറച്ച് ജനങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിയാരത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. 60 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് പഞ്ചായത്തില്‍ നടക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനദ്രോഹ ഭരണം മടുത്തിരിക്കുന്നുവെന്നും വികസനം ഒന്നും തന്നെ പഞ്ചായത്തില്‍ നടന്നിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.
2015ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റാണ് യുഡിഎഫ് നേടിയത്. ഏഴ്‌വാര്‍ഡുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തിയത്. ഇത് ജനങ്ങള്‍ വിലയിരുത്തും. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ഒരമ്മ പെറ്റ മക്കളെപ്പോലെ യോജിപ്പോടെ പ്രവര്‍ത്തിച്ചാണ് യുഡിഎഫ് ഇത്തവണ മത്സരത്തിനിറങ്ങുന്നതെന്ന് ചെയര്‍മാന്‍ പി.വി അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പാച്ചേനി വാര്‍ഡില്‍നിന്നും മത്സരിക്കുന്ന പി അശ്വതി സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. പരിയാരം വാര്‍ഡില്‍നിന്നും മത്സരിക്കുന്ന 21കാരിയായ ദൃശ്യ ദിനേശന്‍ ബിരുദധാരിയുമാണ്.