കണ്ണൂർ: തളിപ്പറമ്പ് ചിറയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പീരങ്കി കണ്ടെത്തി. ദേശീയപാതയ്ക്ക് സമീപം പി.വി രാജന്‍ എന്നയാളുടെ പറമ്പിലാണ് പീരങ്കി കണ്ടെത്തിയത്. ഇന്ന് രാവിലെ കാടുപിടിച്ചു കിടന്ന പറമ്പ് വെട്ടി തെളിക്കുന്നതിനിടെയാണ് പീരങ്കി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പറമ്പിലെ മരം മുറിച്ചു മാറ്റിയതോടെ പീരങ്കി കൂടുതൽ ദൃശ്യമാവുകയായിരുന്നു. പീരങ്കിയുടെ വലിയൊരു ഭാഗം മണ്ണിനടിയിലാണ്. പീരങ്കി കണ്ടെത്തിയത് സംബന്ധിച്ച് ജില്ല കലക്‌ടറെ അറിയിച്ചുവെന്ന് റവന്യു ഡിവിഷണല്‍ ഓഫിസര്‍ ഇ.പി മേഴ്‌സി അറിയിച്ചു. പുരാവസ്‌തു വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
കുപ്പം പുഴയ്ക്ക് അഭിമുഖമായാണ് പീരങ്കി കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ടിപ്പുവിന്‍റെ പടയോട്ടം നടന്ന പ്രദേശമാണ് തളിപ്പറമ്പ് എന്ന് പറയപ്പെടുന്നുണ്ട്. ടിപ്പു കോട്ടയുടെ അവശിഷ്‌ടമെന്ന് പറയപ്പെടുന്ന സ്ഥലവും പ്രദേശത്തുണ്ട്.
Also read: ബല്ലാരി കോട്ടയില്‍ 39 പുരാതന പീരങ്കി വെടിയുണ്ടകള്‍ കണ്ടെത്തി