കണ്ണൂർ: കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ ടുറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ- ടൂറിസം വകുപ്പുകൾ ചേർന്ന് പുതിയ പദ്ധതി പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എല്ലാ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത സ്ഥലങ്ങൾ കണ്ടെത്തിയാൽ അഞ്ച് വർഷം കൊണ്ട് 500 സ്ഥലങ്ങൾ ടൂറിസത്തിന്‍റെ ഭാഗമായി കണ്ടെത്താമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ സംബന്ധിച്ച് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്‍റെ ചരിത്രത്തിൽ ഇന്നുവരെ ത്രിതല പഞ്ചായത്തുകൾക്ക് ടൂറിസം വികസനത്തിന് ഫണ്ട് നൽകാൻ സാധിച്ചിട്ടില്ല. പഞ്ചായത്തുകളിലെ ടൂറിസം വികസനത്തിന്‍റെ സാധ്യത കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണ- ടൂറിസം വകുപ്പുകൾ ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. അടുത്ത് തന്നെ ഇരുവകുപ്പുകളും ഇതിന്‍റെ പ്രഖ്യാപനം നടത്തും.
ഈ പദ്ധതി കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റം ചെറുതായിരിക്കില്ല. അഞ്ച് വർഷം കൊണ്ട് 500 സ്ഥലങ്ങൾ ടൂറിസത്തിന്‍റെ ഭാഗമായി കേരളത്തിലെ തൃതല പഞ്ചായത്തുകളിൽ നിന്ന് കണ്ടെത്താം. തളിപ്പറമ്പ് മണ്ഡലം ടൂറിസം വികസനത്തിന് സാധ്യത കൂടുതലുള്ള പ്രദേശമാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഭീതി ഒഴിയാതെ മാനന്തവാടി; കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി
അതേസമയം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും തളിപ്പറമ്പിനെ മികച്ച സാംസ്കാരിക- വിനോദ സഞ്ചാര കേന്ദ്രവുമാക്കി മാറ്റുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. തുടർന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ ടൂറിസം വികസന സ്ഥലങ്ങൾ മന്ത്രിമാരായ എം വി ഗോവിന്ദനും മുഹമ്മദ് റിയാസും ചേർന്ന് സന്ദർശിച്ചു.