കണ്ണൂർ: മെറിന്‍റെ ഉന്നം ഒരിക്കലും പിഴക്കാറില്ല. ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം അതിന് തെളിവാണ്. പ്ലസ് ടുവില്‍ 1200 ല്‍ 1200 മാര്‍ക്കാണ് ദേശീയ അമ്പെയ്ത്ത് താരമായ ഇരിട്ടി പേരാവൂർ തുണ്ടിയിൽ സ്വദേശി മെറിൻ അന്ന ബാബു സ്വന്തമാക്കിയത്.
മെഡലുകള്‍ വാരിക്കൂട്ടിയ താരം
ആന്ധ്രയിലെ കടപ്പയിൽ നടന്ന സ്‌കൂൾ ഗെയിംസിലും മിനി നാഷണൽ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ചത് മെറിനാണ്. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വെങ്കലവും സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിയും മിനി ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട് ഈ താരം.
ശാസ്‌ത്രീയ പരിശീലനമോ അത്യാധുനിക ഉപകരണങ്ങളോ ഇല്ലാതെ സ്വന്തം നാട്ടിലെ ആർച്ചറി ക്ലബിലെ പരിശീലനത്തിലൂടെയാണ് മെറിൻ മെഡലുകൾ വാരി കൂട്ടിയത്. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിൽ ചെറിയ കട നടത്തുന്ന മാപ്ലാവിൽ ബാബുവിന്‍റെയും സീനയുടെയും മകളാണ് മെറിന്‍.
സുമനസുകള്‍ കനിയണം
പണിതീരാത്ത വീട്ടിൽ നിന്ന് കഷ്‌ടപ്പാടുകളും ദുരിതവും മറികടന്നു മുന്നേറുമ്പോൾ തന്‍റെ കായിക സ്വപ്‌നത്തേയും തുടര്‍ വിദ്യാഭ്യസ മോഹത്തേയും ആരെങ്കിലും കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷയിലാണ് മെറിൻ. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന സര്‍വകലാശാലകളില്‍ അമ്പെയ്ത്തിൽ പരിശീലനം നേടി കൊണ്ട് പഠനം തുടരണമെന്നാണ് മെറിന്‍റെ ആഗ്രഹം.
Read more: കളി കാര്യമായി, പിന്നെയത് റെക്കോർഡായി ; വിരൽ തുമ്പിൽ പേന കറക്കി സിനാന്‍ ഗിന്നസില്‍