കണ്ണൂര്‍: ലോക്ഡൗണ്‍ ലംഘിച്ച് പുതിയ കാറുമായി റോഡിലൂടെ ചീറിപാഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്. റിയാസിനെയാണ് കണ്ണൂരിലെ മാലൂരിൽ വച്ച് നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചത്. പൊലീസിനെ വെട്ടിച്ച് കടന്ന യുവാവിനെ നാട്ടുകാര്‍ പിടിച്ച് കയ്യും കാലും കെട്ടി പൊലീസിനു തന്നെ കൈമാറി. റിയാസിന്റെ പുത്തന്‍ വാഹനവും നാട്ടുകാര്‍ തല്ലിതകര്‍ത്തു.
100-120 കിലോമീറ്റർ വേഗത്തിലാണ് റിയാസ് വാഹനമോടിച്ചത്. തളിപ്പറമ്പിലെത്തിയപ്പോൾ പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ഒടുവിൽ ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം കുറുകെയിട്ടു വഴി തടഞ്ഞു. റിയാസിന്റെ കയ്യിൽ സത്യവാങ്മൂലം ഉണ്ടായിരുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർഗോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു.