കണ്ണൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടി വയ്പ്പ് നടന്നിട്ട് 26 വർഷം. 1994 നവംബർ 25ന് കൂത്തുപറമ്പിൽ വച്ചുണ്ടായ പൊലീസ് വെടി വയ്പ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
കെ.കെ രാജീവൻ, കെ. ബാബു, മധു, കെവി റോഷൻ, ഷിബുലാൽ എന്നിവരാണ് തോക്കിനിരയായത്. വെടിയേറ്റ പുഷ്പൻ അരയ്ക്ക് താഴെ തളർന്ന് കിടപ്പിലുമായി. പരിയാരം മെഡിക്കൽ കോളജ് സർക്കാർ പണം ഉപയോഗിച്ച് സ്വകാര്യ ട്രസ്റ്റിന്‍റെ കീഴിൽ നിർമിക്കുന്നതിനെതിരെയായിരുന്നു സമരം. സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തിന് കൂത്തുപറമ്പിൽ എത്തിയ മന്ത്രി എം.വി. രാഘവൻ പങ്കെടുത്ത യോഗത്തിലേയ്ക്ക് പ്രതിഷേധക്കാർ ഇരച്ചു കയറി. തുടർന്നുണ്ടായ സംഘർഷമാണ് വെടി വയ്പ്പില്‍ കലാശിച്ചത്.
1998 സെപ്റ്റംബറിൽ വിരമിക്കുന്ന കാലം വരെ ഗതികിട്ടാതെ നടന്ന ഈ ഡിവൈ എസ് പി കൂത്തുപറമ്പ് കേസിൻ്റെ പേരിൽ ഒന്നുമല്ലാതായി. കേസിൽ പ്രതി ചേർക്കപ്പെട്ട പതിനൊന്ന് പോലീസുകാരും ശിക്ഷിക്കപ്പെട്ടു. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശത്തിലെ അപാകതകൾ ചോദ്യം ചെയ്ത് ഡെപ്യൂട്ടി കലക്ടർ ടി.ടി. ആന്‍റണിയും എസ്.പി. രവത ചന്ദ്രശേഖറും തടിയൂരി.
എന്നാൽ എം.വി. രാഘവനെ കൊല്ലാൻ ശ്രമിച്ചു എന്ന് കാണിച്ച് കൂത്തുപറമ്പ് പൊലീസ് മറു ഭാഗത്ത് കൂടി ഒരു കേസ് വന്നതോടെ നായനാർ സർക്കാരും അങ്കലാപ്പിലായി. ഈ കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചതിന് ആയിരത്തോളം ആളുകളും പ്രതികളായി.
കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 88 പേരെ പ്രതി ചേർത്തു. പക്ഷേ യുഡിഎഫിൽ നിന്നും അടി പതറിക്കൊണ്ടിരുന്ന എംവി രാഘവൻ പിന്നീട് നിലനിൽപ്പിന് വേണ്ടി ഏറെ വിയർത്തു. ഇതിനിടയിൽ കേസുകൾ പലതും തേഞ്ഞ്മായ്ഞ്ഞു. കൂത്ത്പറമ്പ് വെടിവെയ്പ്പിൻ്റെ സൂത്രധാരനായി മുദ്ര കുത്തപ്പെട്ട സിഎംപിയിലെ എംവിആർ സിപിഎമ്മാകാൻ ആഗ്രഹിച്ചു. ഒടുവിൽ ആ 'ഒരു ജന്മ'വും ചുവപ്പ് പുതച്ച് മറഞ്ഞു. 26 വർഷത്തിനിടെ കൊടിയുടെ നിറങ്ങൾ മാറിമറിഞ്ഞതിനിടെ സർവതും നഷ്ടപ്പെട്ടവരുടെ ഒരു നീറുന്ന ദിനമാണ് 1994 നവംബർ 25. അതിൻ്റെയെല്ലാം ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പനുണ്ട്. തെരഞ്ഞെടുപ്പ് കളത്തിലേക്ക് അങ്കം വെട്ടാൻ ഇറങ്ങുന്നവർ കാല് തൊട്ട് വന്ദിക്കാൻ എത്തുമ്പോൾ ആശീർവദിക്കാനും.