കണ്ണൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച കെപിസിസി സമിതി 18ന് കണ്ണൂരിൽ എത്തും. വോട്ടർ പട്ടികയിൽ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ടുകൾ വ്യാപകമായി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിട്ടുള്ളത്.
കള്ളവോട്ടിനെക്കുറിച്ചും, പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിനെ സംബന്ധിച്ചും സംഘം വിശദമായ റിപ്പോർട്ട് തയ്യാറാക്കും. കണ്ണൂർ ജില്ലയിൽ ഒട്ടേറെ ബൂത്തുകളിൽ യുഡിഎഫ് അനുഭാവികളുടെ വോട്ട് ബൂത്ത് ലെവൽ ഓഫീസർമാരെയും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നീക്കം ചെയ്തതായി വ്യാപകമായി പരാതി ഉണ്ടായിരുന്നു. കെ.പി.സി.സി സമിതിയുടെ തെളിവെടുപ്പ് പൂർത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നൽകും.