കണ്ണൂർ; കേരള രാഷ്ട്രീയത്തിലെ മായാത്ത രക്തക്കറ. കാലവും ചരിത്രവും രാഷ്ട്രീയവും മാറിചിന്തിക്കുമ്പോൾ കൂത്തുപറമ്പ് വെടിവെയ്പ് യുവജന പോരാളികൾക്ക് നീറുന്ന ഓർമ്മയാണ്. അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെയ്പിന് നവംബർ 25ന് 25 വർഷം പൂർത്തിയാകുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയത്തിലെ ധാർമികത മാത്രമാണ്.
വടക്കേ മലബാറിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നിട്ടും എംവി രാഘവൻ എന്ന പേരിനൊപ്പം ചേർത്താണ് സിപിഎം എന്ന രാഷ്ട്രീയ പാർട്ടി അറിയപ്പെട്ടുപോന്നത്. എന്നാല്‍ ആ അപ്രമാദിത്വം ബദല്‍ രേഖയെന്ന പേരില്‍ എംവി രാഘവനെ പാർട്ടിക്ക് അനഭിമതനാക്കി. പാർട്ടിയില്‍ നിന്ന് പുറത്തുപോകുമ്പോൾ സമാനതകളില്ലാത്ത വെറുപ്പിലേക്കാണ് എംവി രാഘവനും സിപിഎമ്മും വേർപിരിഞ്ഞത്.
പരിക്കേറ്റ പുഷ്പൻ ഇപ്പോഴും ജീവച്ഛവമായി കിടക്കുന്നു. സിപിഎമ്മില്‍ നിന്ന് സിഎംപി രൂപീകരിച്ച് യുഡിഎഫിന്‍റെ ഭാഗമായ എംവിആറിന് വീര നേതാവിന്റെ പരിവേഷമാണ് യുഡിഎഫ് നേതാക്കൾ നൽകിയത്. 1991 ൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായതോടെ എംവിആർ അധികാരം കൊണ്ട് വീണ്ടും പ്രബലനായി. അങ്ങനെ രൂപം കൊണ്ട പരിയാരം മെഡിക്കൽ കോളജ് പിന്നീട് സിപിഎമ്മും രാഘവനും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വേദിയായി. സർക്കാർ സ്ഥലത്ത് സ്വാശ്രയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനും സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ മെറിറ്റും സാമൂഹികനീതിയും നിഷേധിക്കുന്നതിനും എതിരെ ഡി.വൈ.എഫ്.ഐ. നടത്തി വന്ന സമരം പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ ശക്തമായി. പ്രതിഷേധക്കാർക്ക് നേരേ നടന്ന പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് കൂത്തുപറമ്പിൽ പ്രതിഷേധം ഇരമ്പിയത്.പരിയാരം സഹകരണ മെഡിക്കൽ കോളജിന്‍റെ വൈസ് ചെയർമാൻ കൂടിയായ സഹകരണമന്ത്രി എം.വി.രാഘവനെ തടയുന്നതിന് ഡി.വൈ.എഫ്.ഐ തീരുമാനിച്ചു. അർബൻ സഹകരണസംഘത്തിന്റെ സായാഹ്നശാഖ ഉദ്ഘാടനത്തിന് കൂത്ത്പറമ്പ് ടൗൺഹാളിൽ മന്ത്രിമാരായ എം.വി.രാഘവനും എൻ.രാമകൃഷ്ണനും എത്തുന്നതും കാത്ത് രണ്ടായിരത്തിലധികം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടിയുമായി ഒത്തു ചേർന്നു. പൊലീസ് അറിയിപ്പിനെത്തുടർന്ന് മന്ത്രി എൻ.രാമകൃഷ്ണൻ യാത്ര റദ്ദാക്കി. എന്നാൽ ഡിവൈ.എസ്.പി. ഹക്കീം ബത്തേരിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എം.വി.രാഘവന് വഴിയൊരുക്കി. ഇതോടെ പ്രതിഷേധം കയ്യാങ്കളിയായി. പൊലീസ് ലാത്തി വീശി. അതിനിടയിൽ ഉദ്ഘാടനം നടത്തിയതായി അറിയിച്ച് മന്ത്രി രാഘവൻ മടങ്ങി. ലാത്തിച്ചാർജും സംഘർഷവും രൂക്ഷമായതോടെ പൊലീസ് വെടിവെച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ.രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവർ വെടിയേറ്റു മരിച്ചു. വെടി കൊണ്ട് ഗുരുതരമായി പരിക്കേറ്റ പുഷ്പൻ ഇപ്പോഴും ജീവച്ഛവമായി കിടക്കുന്നു.
ഈ സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചു. മന്ത്രിയായ എം.വി.രാഘവന് ദീർഘകാലം പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതരത്തിൽ ഉപരോധമുണ്ടായി. സർക്കാർ നിയോഗിച്ച പദ്‌മനാഭൻ നായർ കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തി. നിരായുധർക്ക് നേരെയാണ് പൊലീസ് വെടിവെച്ചതെന്ന് കമ്മിഷൻ കണ്ടെത്തി. അവസാന കാലം വരെ സിപിഎമ്മിനോട് രാഷ്ട്രീയമായും ശാരീരികമായും പോരാടി നിന്ന എംവി രാഘവൻ ഒടുവില്‍ യുഡിഎഫില്‍ നിന്ന് അകന്നു. മകൻ നികേഷ് കുമാർ സിപിഎം ചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. കൂത്തുപറമ്പ് വെടിവെയ്പ്പിന്‍റെ നീറുന്ന ഓർമ്മകൾ അരിവാൾ ചുറ്റിക നക്ഷത്രത്തില്‍ ശേഷിക്കുന്നു എന്നതാണ് നികേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സിപിഎം വിട്ട ശേഷം എംവിആർ രൂപീകരിച്ച സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നതിനും കേരളം സാക്ഷിയായി.