കണ്ണൂർ: തുടർച്ചയായി മൂന്നാം തവണയും അഴീക്കോട് വിജയിച്ചുകയറാന്‍ മത്സരംഗത്തേക്കിറങ്ങിയ കെ.എം ഷാജിക്ക് ഫലം നിരാശ. കെ.വി സുമേഷിനോട് കെ.എം ഷാജി തോൽവി വഴങ്ങി. അഴീക്കോട്ടും കൂത്തുപറമ്പിലുമാണ് ലീഗിന്‍റെ സ്ഥാനാർഥികൾ മത്സരിച്ചത്. ഈ രണ്ട് മണ്ഡങ്ങളിലും പാര്‍ട്ടിക്ക് ദയനീയ പരാജയമാണ് നേരിട്ടത്. അഴീക്കോട് വൻ വിജയപ്രതീക്ഷയായിരുന്നു ലീഗിനെ സംബന്ധിച്ച്. എന്നാൽ അനധികൃത സ്വത്ത് സമ്പാദന വിവാദമുള്‍പ്പെടെയുള്ളവ ഷാജിയുടെ തോല്‍വിയില്‍ കലാശിച്ചു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഉയർന്നുവന്ന പ്ലസ് ടു കോഴക്കേസ് വിവാദവും. വിജിലൻസ് അന്വേഷണവും, എംഎൽഎ അയോഗ്യതയുമെല്ലാം വിനയായി.
കൂടുതൽ വായനയ്‌ക്ക്: തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി
അഞ്ച് വർഷം ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി മികച്ച ഭരണം കാഴ്ചവയ്ക്കുകയും ജനകീയനായി അറിയപ്പെടുകയും ചെയ്ത കെ.വി സുമേഷ് കെ എം ഷാജിയെ അട്ടിമറിച്ച് മണ്ഡലം പിടിച്ചു. ചാല ചിന്മയ മിഷൻ സ്കൂളിലാണ് അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണിയത്. രാവിലെ തന്നെ പോസ്റ്റൽ വോട്ട് എണ്ണുന്നതിനെ ചൊല്ലി തർക്കം രൂപപ്പെട്ടിരുന്നു. തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു.
എട്ട് മണിക്ക് തന്നെ പോസ്റ്റൽ വോട്ട് എണ്ണാൻ ആരംഭിച്ചിരുന്നു. എണ്ണാൻ തുടങ്ങിയപ്പോൾ കെ.എം ഷാജിയാണ് മുന്നിലെത്തിയത്. തുടർന്ന് സുമേഷ് മുന്നേറുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് പോസ്റ്റൽ വോട്ട് മാറ്റി വച്ച് ഇവിഎം എണ്ണാൻ ആരംഭിക്കുകയായിരുന്നു. കെ.എം ഷാജിക്ക് മുൻപ് അഴീക്കോട് സിപിഎമ്മിന്‍റെ പ്രകാശൻ മാസ്റ്ററുടെ കയ്യിലായിരുന്നു.
പിന്നീട് വയനാടിൽ നിന്ന് ചുരമിറങ്ങി വന്ന് കെ.എം ഷാജി തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. നഷ്ടപ്പെട്ടുപോയ മണ്ഡലം സുമേഷിലൂടെ വീണ്ടും തിരിച്ചുപിടിച്ച സന്തോഷത്തിലാണ് സിപിഎം. അതേ സമയം യുഡിഎഫിന് അഴീക്കോട്ടെ തോല്‍വി കടുത്ത പ്രതിസന്ധിയായി.