കണ്ണൂര്‍ : ഭര്‍തൃസഹോദരിയുടെ ഒന്നര വയസുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പന്ന്യന്നൂര്‍ ചമ്പാട്ടെ നൗഷാദ് നിവാസില്‍ നിയാസിന്‍റെ ഭാര്യ നയീമ(29)ക്കാണ് കോടതി ശിക്ഷിച്ചത്.
2011 സെപ്തംബര്‍ 17ന് രാവിലെ ഒമ്പത് മണിക്കാണ് കേസിനാസ്പദമായ സംഭവം. ഏലാങ്കോട്ടെ പുതിയ വീട്ടില്‍ ഹൗസിലെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു നയീമയുടെ ഭര്‍തൃസഹോദരി നിസാനിയുടെ ഇളയ മകനായ അദ്‌നാന്‍. നിസാനിയോടുള്ള വൈരാഗ്യം കാരണം പ്രതി നയീമ കുട്ടിയെ എടുത്തുകൊണ്ട് പോയി സമീപത്തെ കിണറ്റില്‍ എറിയുകയായിരുന്നു. പാനൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രതിയായ യുവതിയെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. അയല്‍വാസികളുള്‍പ്പെടെയുള്ള സാക്ഷികളെ പ്രൊസിക്യൂഷന്‍ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.