കണ്ണൂര്‍: കത്തും കൃഷിയും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷമായി കത്തുകളിലൂടെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കണ്ണൂര്‍ പഞ്ഞിക്കീല്‍ സ്വദേശി നിസാമുദീന്‍. നാടന്‍ വിത്തുകള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് തപാല്‍ വഴി സൗജന്യമായി അയച്ചു നല്‍കും.
ആറാം ക്ലാസില്‍ പഠിക്കുമ്പാള്‍ തുടങ്ങിയതാണ് കൃഷിയോടുള്ള കമ്പം. ഇഷ്‌ടം കൂടിയപ്പോള്‍ നാടന്‍വിത്ത് ശേഖരണം തുടങ്ങി. സുഹൃത്തുക്കള്‍ക്ക് വിത്തുകള്‍ അയച്ചുകൊണ്ടാണ് വിത്തുകത്തുകള്‍ എന്ന ആശയം സാക്ഷാത്കരിച്ചത്. ആവശ്യക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ നിസാമുദീനെ സമീപിക്കും.
പൊട്ടുവെള്ളരി, കസ്‌തൂരി മേത്തി, ഗ്രീന്‍ പീസ്, പാലക്, മല്ലി, ഉലുവ, കാപ്‌സിക്കം, സവാള, സ്വീറ്റ് കോണ്‍, കൊത്തവര, മുള്ളങ്കിയോട് സാമ്യമുള്ള ടര്‍നിപ് തുടങ്ങി അത്ര സുലഭമല്ലാത്ത വിത്തുകളും നിസാമുദീന്‍റെ കൈവശമുണ്ട്.
സൗജന്യമായി വിത്ത് നല്‍കുമ്പോള്‍ അതിനെ കൃത്യമായി പരിപാലിച്ച് വളര്‍ത്തണം എന്ന നിര്‍ദേശം മാത്രമാണ് നല്‍കുക. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, നാടന്‍ വിത്തുകള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് വിത്തുകത്തിന് പിന്നില്‍.
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വാങ്ങി ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാണ് വിത്തുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത്. വിത്തുകളുടെ ആയുസ് വര്‍ധിപ്പിപ്പിക്കാന്‍ പുറത്തുവയ്ക്കുന്നതിനേക്കാള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് നിസാമുദീന്‍ പറയുന്നു.
ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്‍റര്‍, പട്ടാമ്പിയിലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, വയനാട് വെജ് മാര്‍ക്ക്, ഡോ രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച് സെന്‍റര്‍ വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ളവയ്ക്കുപുറമെ ലക്ഷദ്വീപിലെ വിത്തുതേങ്ങകള്‍ വരെ എത്തിക്കാറുണ്ട്.
വിത്തുകത്തിലൂടെ നിരവധി സുഹൃത്തുകളെ ലഭിച്ചെന്ന് നിസാമുദീന്‍ പറയുന്നു. ഇതില്‍ ചെടികളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെയുണ്ട്.