കണ്ണൂര്‍: കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയായിരുന്നു വർഷങ്ങൾക്ക് മുൻപ് കൈത്തറി വ്യവസായം. കേന്ദ്ര സര്‍ക്കാര്‍ കണക്കു പ്രകാരം 2005ല്‍ 200 ലക്ഷം പേര്‍ കൈത്തറി മേഖലയില്‍ തൊഴിലെടുത്തിരുന്നു. കൈത്തറി വ്യവസായത്തില്‍ രാജ്യത്ത് ഏഴാമതുള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ജില്ലയാണ് കണ്ണൂര്‍. ഷര്‍ട്ടിങ്, സാരി, ദോത്തി, ബെഡ്ഷീറ്റ്, ഫര്‍ണിഷിങ്, കര്‍ട്ടന്‍, ടൗവ്വല്‍ എന്നീ പ്രാദേശിക കൈത്തറി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയിലും അവയുടെ കയറ്റുമതിയിലും ഒന്നാം സ്ഥാനം കണ്ണൂരിനാണ്. പക്ഷേ ആ സുവർണ കാലം അസ്തമിക്കുകയാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം യന്ത്രത്തറി പ്രവര്‍ത്തിക്കുമ്പോള്‍ ആറ് കൈത്തറി നിശ്ചലമാകുകയും ഒരു ഡസന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൈത്തറി കയറ്റുമതിയില്‍ 40 മുതല്‍ 50 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ജോലിയിലെ സ്ഥിരത ഇല്ലായ്മയും കുറഞ്ഞ കൂലിയും തൊഴിലാളികളുടെ ജീവിതരീതിയെ പോലും മാറ്റിയെടുത്തു. നെയ്തെടുക്കുന്ന കൈത്തറിയുടെ മീറ്റർ അനുസരിച്ചാണ് വേതനം നിശ്ചയിക്കുന്നത്. ഒരു ദിവസം ആറ് മീറ്റര്‍ നെയ്താല്‍ പരമാവധി ലഭിക്കുന്നത് 200 മുതൽ 250 രൂപ വരെയാണ്. ഇത് ജീവിക്കാൻ പര്യാപ്‌തമല്ലെന്ന് തൊഴിലാളികൾ പറയുന്നു.
കൊവിഡ് കാലം കൂടി എത്തിയതോടെ പ്രതിസന്ധി അതിരൂക്ഷമായി. വല്ലപ്പോഴും കിട്ടുന്ന എക്സിബിഷനുകളും കൈത്തറി മേളകളുമാണ് അൽപമെങ്കിലും ആശ്വാസം. പരുത്തി കയറ്റുമതി നിയന്ത്രിച്ച് നൂല്‍ ഉല്‍പ്പാദനം കൂട്ടി കൈത്തറി വ്യവസായം നടത്തുന്നവര്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കിയാലേ ലോക വിപണിയില്‍ ഇനി കൈത്തറിക്ക് നിലനില്‍പ്പുള്ളൂ എന്ന് തൊഴിലാളികൾ പറയുന്നു. പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയാണ് ഇതുവരെ കൈത്തറി വ്യവസായം നിലനിന്നിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് റിബേറ്റിനത്തില്‍ കിട്ടാനുള്ള കോടികള്‍ കിട്ടാതായതോടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റി. പലരും കടം വാങ്ങിയും വായ്പ വാങ്ങിയുമാണ് സംഘങ്ങള്‍ നടത്തുന്നത്. പല സംഘങ്ങളും ജപ്തി ഭീഷണിയിലുമാണ്. സർക്കാർ നടപ്പാക്കിയ സ്കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിയാണ് കൈത്തറി മേഖലയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം.