കണ്ണൂർ : സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ചരടുകൾ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്ന ഗുരുതര ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജാണ് ഇതെല്ലാം നിയന്ത്രിക്കുന്നതെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് എൻ ഹരിദാസ് ആരോപിച്ചു.
പി.എം മനോജ് ഗൾഫിലേക്ക് പോകുന്നത് സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനാണ്. പി. ജയരാജന്‍റെ സംരക്ഷണയിലാണ് മനോജും സംഘവും പ്രവർത്തിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തുകൊണ്ട് ജയരാജൻ ഇടപെട്ടില്ലെന്നത് വ്യക്തമാക്കണം.
ഇപ്പോൾ ആകാശ് തില്ലങ്കേരിയെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന എം.വി ജയരാജൻ അവരുടെയൊക്കെ ജാമ്യം റദ്ദ് ചെയ്യാൻ തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചു.
Read more: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാന്‍ കീഴടങ്ങി
കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസില്‍ നിരവധി തവണ സ്വര്‍ണക്കടത്ത് കേസുകളില്‍ മധ്യസ്ഥം പറഞ്ഞിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള ഒരു സംഘത്തിന്‍റെ പണവും സ്വർണവും തട്ടിയ കേസിൽ കണ്ണൂരിലെ ഒരു യുവ എംഎൽഎയുടെ നേതൃത്വത്തിലാണ് മധ്യസ്ഥത പറഞ്ഞത്.
ഇതില്‍ ഒരു വിഹിതം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹരിദാസ് ആരോപണം ഉന്നയിച്ചു. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ സ്ഥലങ്ങൾ വാങ്ങി കൂട്ടുകയാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചു.