കണ്ണൂർ: കാവിവൽക്കരണമെന്ന ആരോപണം ഉയർന്ന കണ്ണൂർ സർവകലാശാലയുടെ സിലബസിന്‍റെ കാഴ്‌ചപ്പാടും ഉള്ളടക്കവും മാറ്റി. ആർഎസ്എസ് ആചാര്യൻമാരുടെ പുസ്‌തകങ്ങളിൽ ചിലത് നിലനിർത്തിയെങ്കിലും മുസ്ലീം, സോഷ്യലിസ്റ്റ്, ദ്രാവിഡ ദർശനങ്ങൾക്കാണ് സിലബസിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതോടെ വിവാദങ്ങൾക്ക് വിരാമമായി.
ആർഎസ്എസ് ആചാര്യൻമാരായ ബൽരാജ് മഡോക്കും ദീൻദയാൽ ഉപാധ്യായയും സിലബസിന് പുറത്തായി. പകരം മുഹമ്മദലി ജിന്നയും മൗലാനാ ആസാദും ഇഎംഎസും റാം മനോഹർ ലോഹ്യയും പെരിയാറും സിലബസിലെത്തി. വി.ഡി സവർക്കറും എംഎസ് ഗോൾവാൾക്കറും പാഠഭാഗത്ത് ഉണ്ടെങ്കിലും അത് വിമർശനാത്മക പഠനത്തിനാണ്.
സിലബസിന്‍റെ ഉള്ളടക്കത്തിൽ മാത്രമല്ല അതിന്‍റെ കാഴ്‌ചപ്പാടിലുമുണ്ട് മാറ്റങ്ങൾ. രാഷ്ട്ര ഓർ നാഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന ആശയം മാറ്റി നാഷൻ ആന്‍റ് നാഷനലിസം ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എ ക്രിട്ടിക് എന്നാക്കി.
എം.എ പൊളിറ്റിക്‌സ് ആന്‍റ് ഗവേണൻസ് വിഷയത്തിലെ സിലബസിന് എതിരെയായിരുന്നു വിമർശനമുയർന്നത്. സിലബസ് കാവിവൽക്കരിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ഉയർന്ന സമരങ്ങൾക്ക് ഒടുവിൽ അന്വേഷണത്തിന് രണ്ടംഗ സമതിയെ ചുമലതപ്പെടുത്തിയിരുന്നു.
ഡോ. ജെ പ്രഭാഷ്, പ്രൊഫസർ കെ.എസ് പവിത്രൻ എന്നിവരായിരുന്നു സമിതി. ഇവർ നൽകിയ റിപ്പോർട്ട് അക്കാദമിക് കൗൺസിൽ അതേപടി അംഗീകരിക്കുകയായിരുന്നു.