കണ്ണൂർ: ആഗ്രഹമുണ്ടായിട്ടും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവാഹം നീണ്ടുപോകുന്നവര്‍ക്കായി അവസരമൊരുക്കുകയാണ് കണ്ണൂരിലെ പട്ടുവം പഞ്ചായത്ത്. നവമാംഗല്യം എന്ന പേരിലാണ് പദ്ധതി. പഞ്ചായത്തിൽ നടത്തുന്ന വിപുലമായ സർവേയാണ് ആദ്യ പടി.
തുടര്‍ന്ന് 35 വയസ് കഴിഞ്ഞ, വിവാഹത്തിന് താല്‍പര്യമുള്ള അവിവാഹിതരുടെ രജിസ്ട്രി തയ്യാറാക്കും. താത്പര്യമുള്ളവർക്ക് പരസ്‌പരം പരിചയപ്പെടാൻ പഞ്ചായത്ത് തന്നെ വേദിയൊരുക്കുന്നുമുണ്ട്. കല്യാണത്തിന് തയ്യാറായാൽ വിവാഹാവശ്യങ്ങൾക്ക് പഞ്ചായത്ത് ഹാൾ വിട്ടുനൽകും.
സർവേയ്ക്കായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡ്, ഐസിഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപവത്കരിച്ചു. പദ്ധതിക്കായി താത്കാലിക ഫണ്ടും അനുവദിച്ചിട്ടുണ്ട്. വിവാഹത്തിനായി സാമ്പത്തിക സഹായം ചെയ്യാന്‍ സാധിക്കുമോയെന്നും പഞ്ചായത്ത് പരിശോധിച്ചുവരുന്നു.