കണ്ണൂർ : പ്രതികൂല കാലാവസ്ഥയിലും ചിട്ടയായ പരിചരണത്തിലൂടെ വീട്ടുവളപ്പില്‍ ഓറഞ്ച് വിളയിച്ചിരിക്കുകയാണ് കണ്ണൂര്‍ സ്വദേശി ഗണേശന്‍. മുപ്പത്തിലധികം ഓറഞ്ചുകൾ കായ്ച്ചിട്ടുണ്ട്. പച്ചയും ഓറഞ്ചും നിറങ്ങളിൽ വലിപ്പം കുറഞ്ഞ ഫലങ്ങള്‍ ആരെയും ആകർഷിക്കുന്നവയാണ്.
കണ്ണൂർ ജില്ലയിലെ കാലാവസ്ഥയിൽ ഓറഞ്ച് കായ്ക്കുന്നത് അപൂര്‍വമാണ്. കേരളത്തിൽ വ്യാപകമല്ലെങ്കിലും ഹൈറേഞ്ച് മേഖലകൾ ഓറഞ്ചുകൃഷിക്ക് ഏറെ അനുയോജ്യമാണ്. ഈ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിലൂടെയാണ് ഗണേശൻ വീട്ടിൽ ഓറഞ്ച് വിളയിച്ചെടുത്തത്.
കൂലിപ്പണിക്കാരനായ ഗണേശന് വീട്ടുപറമ്പിൽ നിന്ന് തന്നെയാണ് ഓറഞ്ചിന്‍റെ തൈ ലഭിച്ചത്. 15 വർഷത്തിലധികമായി കൃത്യമായ അളവില്‍ ചാണക പൊടിയും, എല്ലുപൊടിയും വെള്ളവും നല്‍കിവരുന്നു.
ALSO READ: അക്ഷരനഗരിയുടെ മുഖമുദ്ര ; ഗാന്ധി പ്രതിമയ്ക്ക് 50 വയസ്
തണുപ്പ് നിലനിർത്താൻ ശീമക്കൊന്നയുടെ ഇലകളും ഉപയോഗിച്ചതിന്‍റെ ഫലമാണ് ചൂട് കാലാവസ്ഥയിലും ഇത്രയധികം ഫലങ്ങൾ ലഭിച്ചതെന്നും എന്നാല്‍ പുളി രസമാണെന്നും ഗണേശൻ പറയുന്നു.
സാധാരണ ഓറഞ്ചിന്‍റെ വലിപ്പമില്ലെങ്കിലും നിറയെ കായകള്‍ ഉണ്ടായത് ഏറെ ശ്രമഫലമായാണ്. കഴിഞ്ഞ വർഷം മരത്തിൽ ഓറഞ്ച് കായ്‌ച്ചെങ്കിലും പെട്ടെന്ന് വീണുപോയിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ ഓറഞ്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗണേശനും കുടുംബവും.