കണ്ണൂര്‍: തലകുത്തി നിന്നിട്ടും നടന്നില്ല എന്ന് പൊതുവെ പറയുമെങ്കിലും തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി അഖില്‍ ബാബു റെക്കോഡുകള്‍ സ്വന്തമാക്കിയത് തലകുത്തി നിന്ന്. ബാക്ക് ഹാൻഡ് സ്പ്രിങ്, ഹാൻഡ് സ്റ്റാൻഡ്, വാക്ക് എൽബോ ലിവർ എന്നിവയില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും അഖിലിന്‍റെ പേരിലാണ്.
3 വര്‍ഷത്തെ അധ്വാനം
പിറകോട്ട് ചാടി കൈയില്‍ ബാലൻസ് ചെയ്‌ത് 1 മിനിട്ടും 22 സെക്കന്‍ഡും തല കീഴായി നിന്നാണ് അഖിൽ ഈ നേട്ടം കൈ വരിച്ചത്. ബാക്ക് ഹാൻഡ് സ്പ്രിങ്, ഹാൻഡ് സ്റ്റാൻഡ്, വാക്ക് എൽബോ ലിവർ എന്നിവ കൈകൾക്ക് ഏറെ ബലം കൊടുത്ത് കൊണ്ട് ചെയ്യുന്ന ജിംനാസ്റ്റിക് ഐറ്റമാണ്. 3 വർഷത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് റെക്കോഡുകള്‍ സ്വന്തമാക്കിയത്.
ഇനി ലക്ഷ്യം ഗിന്നസ്
അക്രോബാറ്റിക് ഡാൻസിലായിരുന്നു അഖിലിന് ഏറെ താൽപ്പര്യം. അതിന് വേണ്ടി ജിംനാസ്റ്റിക് ഐറ്റംസ് പഠിച്ചു വരുന്നതിനിടെയാണ് ബാക്ക് ഹാൻഡ് സ്പ്രിങ് പഠിച്ചെടുത്തത്.
ഗിന്നസ് വേൾഡ് റെക്കോഡ് എന്ന ലക്ഷ്യത്തിലേക്കുള്ള പരിശീലനത്തിലാണ് ഇപ്പോൾ അഖിൽ. വൺ ഹാൻഡ് റ്റു എൽബോയിൽ 3 മിനിറ്റും 20 സെക്കന്‍ഡുമാണ് നിലവിലെ റെക്കോർഡ്. അത് തിരുത്തിക്കുറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അഖില്‍.
Also read: കളി കാര്യമായി, പിന്നെയത് റെക്കോർഡായി ; വിരൽ തുമ്പിൽ പേന കറക്കി സിനാന്‍ ഗിന്നസില്‍