കണ്ണൂർ: മരിച്ചയാളുടെ ക്ഷേമ പെൻഷൻ ബാങ്ക് കളക്ഷൻ ഏജന്‍റ് ഒപ്പിട്ടു വാങ്ങിയതായി പരാതി. ഇരിട്ടി പായം പഞ്ചായത്തിലെ അളപ്രളയിലാണ് സംഭവം. മാർച്ച് ഒമ്പതിന് മരണമടഞ്ഞ തോട്ടത്താൻ കൗസു നാരായണന്‍റെ അഞ്ചു മാസത്തെ വാർധക്യ പെൻഷനാണ് കുടുംബം അറിയാതെ ഏപ്രിലില്‍ ഒപ്പിട്ടു വാങ്ങിയതെന്ന് ആരോപിച്ച് കൗസുവിന്‍റെ മകളാണ് രംഗത്തെത്തിയത്. സി.പി.എം വനിതാ നേതാവായ സ്വപ്ന അശോകിനെതിരെയാണ് ബന്ധുക്കളുടെ പരാതി. ബാങ്ക് രേഖകളിൽ പെൻഷൻ വാങ്ങിയതിന്‍റെ തെളിവും കൗസുവിന്‍റെ മകൾ ടി.അജിതയും മരുമകൻ കെ.ബാബുവും വാർത്താസമ്മേളനത്തില്‍ ഹാജരാക്കി.
മാർച്ച് ഒമ്പതിന് മരിച്ച കൗസുവിന്‍റെ മരണ പത്രം മാർച്ച് 20 തന്നെ പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു. ഏപ്രിൽ ആദ്യവാരം സമീപത്തെ ക്ഷീരോല്‍പാദക സഹകരണ സംഘത്തിൽ വെച്ചാണ് പെൻഷൻ വിതരണം ചെയ്തത്. വാർഡ് അംഗത്തോട് ചോദിച്ചപ്പോൾ മരിച്ചതിനാൽ പെൻഷൻ ഇല്ലെന്ന് പറഞ്ഞതായി മകൾ പറഞ്ഞു. പിന്നീടാണ് അമ്മയുടെ പേരിലുള്ള അഞ്ചു മാസത്തെ പെൻഷനായ 6100 രൂപ വാങ്ങിയതായി കണ്ടെത്തിയത്. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, ധനാപഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്‍റ് ചെയ്തിരുന്നു.
പ്രശ്‌നം വിവാദമായപ്പോൾ ചില പ്രമുഖർ വിളിച്ച് പ്രശ്‌നം ഉണ്ടാക്കരുതെന്നും ഓർമയില്ലാഞ്ഞതിനാൽ അമ്മയുടെ പെൻഷൻ ഒപ്പിട്ടു വാങ്ങിയതായി പറയണമെന്ന് ആവശ്യപ്പെട്ടതായും അജിത ആരോപിച്ചു. അതേസമയം, സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. സമാനമായി പലരുടേയും പെൻഷൻ ഇവര്‍ കൈപ്പറ്റിയതായി വിവരമുണ്ടെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് എം.ആർ സുരേഷ് പറഞ്ഞു.
അതേസമയം സംഭവത്തിൽ സംഘടനാപരമായി അന്വേഷണം നടത്തുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു. പാർട്ടി നിയന്ത്രണത്തിലുള്ള ഇരിട്ടി റൂറല്‍ ബാങ്ക് മുഖാന്തരം 2030 പേർക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും നേതാക്കൾ അറിയിച്ചു. കൗസുവിൻ്റെ മക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം ആരംഭിച്ചു.