കണ്ണൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനത്തിലും ബാക്കി ഏഴ് ദിവസം നിശ്ചിത സൗകര്യങ്ങളുള്ള വീടുകളിലും നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇറക്കിയ പുതിയ ഉത്തരവിലാണ് ഈ നിര്‍ദേശം. ഏഴ് ദിവസത്തെ സ്ഥാപന ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി മാറുന്ന വീടുകള്‍ ക്വാറന്‍റൈന് അനുയോജ്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഏഴ് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയാമെന്ന് വീട്ടിലേക്ക് മാറുന്ന വ്യക്തിയില്‍ നിന്ന് ക്യാമ്പ് മാനേജര്‍ സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.
വീട്ടിലേക്ക് മാറുന്നതിനുള്ള യാത്രാ സൗകര്യം ഓരോരുത്തരും സ്വന്തമായി ഒരുക്കണം. വാഹനത്തിന്‍റെ ഡ്രൈവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും യാത്രക്ക് ശേഷം വാഹനം അണുവിമുക്തമാക്കുകയും വേണം. ഹോം ക്വാറന്‍റൈനിലേക്ക് മാറുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയെയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസറെയും അറിയിക്കണം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ക്കണം. ഹോം ക്വാറന്‍റൈനിലേക്ക് മാറുന്ന സമയം, തീയതി, വാഹന നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ക്യാമ്പ് മാനേജര്‍ ഡിസ്ചാര്‍ജ് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.