കണ്ണൂർ: ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 309 ആയി. 21 പേര്‍ ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 198 പേര്‍ക്ക് രോഗം ഭേദമായി.
ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 53കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നെത്തിയ മേലെചൊവ്വ സ്വദേശി 55കാരി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശി 32 കാരന്‍ എന്നിവരാണ് വിദേശത്തു നിന്ന് എത്തിയവര്‍. ജൂണ്‍ ഒമ്പതിന് മംഗള എക്‌സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരിക്കൂര്‍ സ്വദേശികളായ 62കാരി, 36കാരി, 46 കാരന്‍, രണ്ടുവയസുകാരി, പത്തുവയസുകാരി, ജൂണ്‍ 13 ന് സ്‌പെഷ്യല്‍ ട്രെയിനില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചപ്പാരപ്പടവ് സ്വദേശി 21കാരി എന്നിവരാണ് മുംബൈയില്‍ നിന്നു വന്നവര്‍.
ജില്ലയില്‍ നിലവില്‍ 13926 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 67 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററില്‍ 101 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 13719 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10566 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 9705 പേരുടെ ഫലം നെഗറ്റീവാണ്.