കണ്ണൂർ: ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്. കടകളിലും പൊതുയിടങ്ങളിലും മാസ്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ കുറ്റമറ്റ ക്വാറന്‍റൈനും ശരിയായ റിവേഴ്‌സ് ക്വാറന്‍റൈനും പാലിക്കല്‍, മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കല്‍, കൈ കഴുകല്‍, പൊതുസ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ പഞ്ചശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
മാര്‍ക്കറ്റുകള്‍, ഷോപ്പിംങ് കോംപ്ലക്‌സുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോട്ടല്‍, വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കടകള്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ 65 വയസിനു മുകളില്‍ പ്രായമായവരോ, പത്ത് വയസില്‍ താഴെയുള്ള കുട്ടികളോ, രോഗികളോ ഗര്‍ഭിണികളോ ഉണ്ടെങ്കില്‍ ഇവര്‍ മറ്റൊരിടത്തേക്ക് റിവേഴ്‌സ് ക്വാറന്‍റൈനില്‍ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തളിപ്പറമ്പ്, തലശേരി സബ് കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ മേല്‍നോട്ട ചുമതല.