കണ്ണൂര്‍: തളിപ്പറമ്പിൽ കെട്ടിടത്തിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ തെരുവ് നായയുടെ ചികിത്സ ഇനി തിരുപ്പൂരിൽ. സാമൂഹിക പ്രവർത്തകനായ മക്കി സിദ്ദിഖിന്‍റെയും നായയെ ആദ്യം ചികിത്സിച്ച ഡോക്‌ടര്‍ സുഷമ പ്രഭുവിന്‍റെയും കാരുണ്യത്തിലാണ് തെരുവുനായയുടെ ചികിത്സ തിരിപ്പൂരിലേയ്ക്ക് മാറ്റിയത്. വളർത്തുനായകളെ പോലും അപകടം പറ്റിയാൽ വലിച്ചെറിയുന്ന നാട്ടിലാണ് കാരുണ്യത്തിന്‍റെ ഈ വാർത്തയും.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തളിപ്പറമ്പ് ചിറവക്കിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പരിക്കേറ്റ നിലയിൽ മൂന്ന് വയസ് പ്രായമുള്ള തെരുവ് നായയെ കണ്ടെത്തുന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകന്‍ മക്കി സിദ്ദിഖിന്‍റെ നേതൃത്വത്തിൽ ആംബുലൻസിൽ കണ്ണൂരിലെ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ ട്രസ്റ്റിന്‍റെ ഷെൽട്ടറിൽ നായയെ എത്തിക്കുകയായിരുന്നു.
Also read: കിണറ്റിൽ വീണ കുറുനരിയെ രക്ഷപ്പെടുത്തി
പരിശോധനയിൽ നട്ടെല്ലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരിപ്പൂരിലെ ഡോ. ആശ കൃഷ്‌ണകുമാറിന്‍റെ നേതൃത്വത്തിൽ നടത്തുന്ന തങ്കം സ്‌മാരക ട്രസ്റ്റിന്‍റെ കേന്ദ്രത്തിൽ ചികിത്സക്കായി നായയെ മാറ്റാൻ തീരുമാനിച്ചു. നായയെ സിദ്ദിഖിന്‍റെ നേതൃത്വത്തിൽ ആംബുലൻസിൽ കണ്ണൂരിൽ നിന്നും തിരുപ്പൂരിൽ എത്തിക്കുകയായിരുന്നു.