കണ്ണൂര്‍: പരിയാരത്ത് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രണയവിവാഹിതരായ യുവതിയുടെയും യുവാവിന്‍റെയും കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ജിഡി ചാര്‍ജുള്ള പ്രമോദിനെ മൂന്നംഗ സംഘം ആക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാതിയിൽ മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി.ശരത്ത്(24), സിഎം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി.വിന്ദ്യേഷ്(24), പിലാത്തറ കളത്തില്‍ വളപ്പില്‍ വിനീത്(34) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
തിങ്കളാഴ്‌ച രാവിലെ പത്തോടെ പരിയാരം പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. പിലാത്തറ, ചുമടുതാങ്ങി സ്വദേശികളായ യുവതിയും യുവാവുമാണ് പ്രണയ വിവാഹിതരായത്. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവരുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിക്കുകയും സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ആകുകയായിരുന്നു. സംഭവം തടയാൻ ശ്രമിക്കവെയാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇവർ മൂന്നുപേരും ആക്രമിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ പ്രമോദിനെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.