കണ്ണൂർ: വെള്ളിയാഴ്‌ച വൈകിട്ടോടെ വീശിയടിച്ച കാറ്റിലും മഴയിലും കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലും കരിവെള്ളൂർ - പെരളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കനത്ത നാശം. നിരവധി വീടുകളും, വൈദ്യുതി തൂണുകളും കനത്ത മഴയിൽ തകർന്നു. കൃഷിയിടങ്ങളും നശിച്ചു.
പെരളം - പുത്തൂർ റോഡിൽ അമ്പല മൈതാനിക്ക് സമീപം മരം വീണ് വൈദ്യുതി ലൈനുകൾ തകരാറിലായി. ഇതോടെ സ്ഥലത്ത് ഗതാഗതവും സ്‌തംഭിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തമാണ് ഒഴിവായത്. കുണ്ടയം കൊവ്വലിൽ സീഡ് ഫാമിനു സമീപം മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം സ്‌തംഭിച്ചു.
കാറ്റിലും മഴയിലും കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിൽ വ്യാപകമായ തോതിൽ ക്യഷി നശിച്ചു. കാങ്കോലിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം നാശനഷ്‌ടങ്ങളാണ് ഉണ്ടായതെന്ന് പഞ്ചായത്ത് മുൻ മെമ്പർ പി.പി.ഓമന പറഞ്ഞു. പാനോത്തെ കല്ലേൻ ലക്ഷമിയുടെ വീട് മാവ് പൊട്ടിവീണ് ഭാഗികമായി തകർന്നു. അപകടസമയത്ത് ലക്ഷ്‌മി വീട്ടിൽ ഇല്ലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
എം.വി കുഞ്ഞാതിയുടെ വീട് കമുകുകൾ പൊട്ടിവീണാണ് തകർന്നത്. നിഖിൽ - സി, വി.അബ്ദുൾ സലാം, ജമാൽ കെ തുടങ്ങി നിരവധി പേരുടെ വീടിൻ്റെ മുകളിലേക്ക് മരം പൊട്ടിവീണു. പ്രാന്തം ചാലിലെ ആനി മറിയയുടെ വീടും മരം കടപുഴകി വീണ് തകർന്നു. ആളപായമില്ല.