കണ്ണൂര്‍ : സിപിഎം തളിപ്പറമ്പ് മുന്‍ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ സിപിഐയില്‍. 18 പാർട്ടി അംഗങ്ങള്‍ ഉള്‍പ്പടെ 57 പേര്‍ തനിക്കൊപ്പം പാര്‍ട്ടി വിട്ടുവെന്ന് മുരളീധരന്‍ വ്യക്തമാക്കി. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തില്‍ വിഭാഗീയത ആരോപിച്ചതിനെ തുടര്‍ന്ന് മുരളീധരനെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.
മന്ത്രിസഭയിൽ ഉള്ള ഉന്നതനെതിരെയോ തളിപ്പറമ്പിലെ 3 ജില്ല കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ അവരെ നശിപ്പിക്കുന്ന നിലയിലേക്ക് പാർട്ടി മാറി. മുഖസ്‌തുതി പറയുന്നവര്‍ക്ക് മാത്രമേ തളിപ്പറമ്പിലെ സിപിഎമ്മിൽ നിൽക്കാൻ കഴിയുകയുള്ളൂവെന്നും മുരളീധരന്‍ ആരോപിച്ചു.
തളിപ്പറമ്പ് സിപിഎമ്മിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം സമീപകാലത്ത് നഷ്‌ടപ്പെട്ടു. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ നശിപ്പിക്കുന്ന രീതിയിലേക്ക് പാര്‍ട്ടി മാറി. എംവിആറിനോടൊപ്പം പാർട്ടി വിട്ട് പിന്നീട് തിരിച്ചുവന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് പാർട്ടിയെ കുറിച്ച് ഇപ്പോൾ പഠിപ്പിക്കുന്നത്.
Read more: തളിപ്പറമ്പ് സിപിഎം വിഭാഗീയത; കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കി
എം.വി ഗോവിന്ദൻ മന്ത്രി ആയാലും കേന്ദ്ര കമ്മിറ്റി അംഗമായാലും തെറ്റ് ചൂണ്ടിക്കാട്ടുമെന്നും മുരളീധരന്‍ പറഞ്ഞു. പാർത്ഥാസ് ഉടമ സാജൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാട്ടിയതും വ്യക്തിവിരോധത്തിന് കാരണമായി.
ചിലർക്ക് അവരുടെ സ്ഥാനമാനങ്ങൾ സംരക്ഷിക്കണം, ചിലരുടെ ഭാര്യമാരുടെ ജോലി നിലനിർത്തണം, അതിനുവേണ്ടി മുഖസ്‌തുതി പറയുന്നവരായി തളിപ്പറമ്പിലെ സിപിഎമ്മുകാർ മാറിയെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.