കണ്ണൂർ: കൊവിഡ് കാലത്ത് കാലു കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസർ യന്ത്രം നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് ശ്രീകണ്ഠാപുരം സ്വദേശി വി.കെ സാബു. മെഷീന്‍റെ താഴെയുള്ള രണ്ട് പെഡലുകളിൽ വലത്തേ പെഡൽ കാലു കൊണ്ട് അമർത്തുമ്പോൾ മുകളിൽ ഉള്ള ഷാംപൂ ബോട്ടിൽ തുറക്കുകയും ഷാംപൂ കൈകളിലേക്ക് വരുകയും ഇടത്തെ പെഡലിൽ അമർത്തുമ്പോൾ വെള്ളം കൈകളിലേക്ക് വീഴുകയും ചെയ്യും. ശ്രീകണ്ഠാപുരം പരിപ്പായി സ്പാർക് എൻജിനീയറിങ് ഇൻഡസ്ട്രിയലിൽ ജീവനക്കാരനാണ് സാബു.
തന്‍റെ കണ്ടുപിടുത്തം ഒരു ഉപജീവന മാർഗമായി മാറ്റിയിരിക്കുകയാണ് സാബു. ഈ മെഷീൻ ഇതിനോടകം തന്നെ ഡോക്ടർമാർ അടക്കം നിരവധി പേര്‍ വാങ്ങിക്കഴിഞ്ഞതായും സാബു പറയുന്നു. കൊവിഡ് കാലത്ത് വെറുതേ വീട്ടിൽ ഇരുന്ന് സമയം പാഴാക്കാതെ മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്‍റെയും അത് ജീവനോപാധിയായതിന്‍റെയും സന്തോഷത്തിലാണ് സാബു.