കണ്ണൂർ : പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരി പുഴയിൽ മുങ്ങി മരിച്ചത് കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്‍റെ പിതാവായ ഷിജുവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ കതിരൂർ പൊലീസിന് കൈമാറി.
കുഞ്ഞിനെ കൊന്നതിനും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഷിജുവിനെതിരെ കേസെടുത്തിട്ടുണ്ട്. തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ കെ.പി. ഷിജുവിന്‍റെ ഭാര്യ സോന(25) ഒന്നരവയസുള്ള മകൾ അൻവിത എന്നിവർ കഴിഞ്ഞ ദിവസം വൈകിട്ടാണ് പാത്തിപ്പാലത്തെ പുഴയിൽ വീണത്.
നിലവിളി കേട്ടെത്തിയ നാട്ടുകാർ സോനയെ ഉടൻ തന്നെ രക്ഷപ്പെടുത്തി. എന്നാൽ അൻവിതയെ കണ്ടെത്താനായില്ല. പിന്നീട് അഗ്നിരക്ഷാസേനയും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അൻവിതയുടെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് ഷിജുവാണ് തന്നെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് സോന നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഷിജുവിനെതിരേ കേസെടുക്കുകയായിരുന്നു.
ALSO READ : ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി, വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; റെഡ് അലർട്ട്
ഈസ്റ്റ് കതിരൂർ എൽ.പി.സ്കൂളിലെ അധ്യാപികയാണ് സോന. വെള്ളിയാഴ്‌ച അവധിയായതിനാൽ ഷിജുവും സോനയും മകളും ബൈക്കിലാണ് പാത്തിപ്പാലത്ത് പുഴയ്ക്ക് സമീപം എത്തിയത്.
ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടശേഷം ഷിജു ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഇയാളുടെ ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.