കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതലുകളൊരുക്കി ജില്ലയിൽ പരീക്ഷകൾക്ക് തുടക്കമായി. ആൾക്കൂട്ടം ഒഴിവാക്കാൻ കണ്ടെയിന്‍മെന്‍റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 19 പരീക്ഷാകേന്ദ്രങ്ങളിലായി 2900 വിദ്യാർഥികളാണ് ജില്ലയിൽ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിസ് ബാധിതരുള്ള ജില്ലയിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. ഒരു ക്ലാസിൽ 20 വിദ്യാർഥികളാണ് പരീക്ഷ എഴുതുക. രണ്ട് ആരോഗ്യ പ്രവർത്തകരടക്കം ആശാവർക്കർമാരുടെ സഹായത്തോടെ തെർമൽ സ്കാനിങ് നടത്തിയാണ് പരീക്ഷ ഹാളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് വിദ്യാർത്ഥികളെ പരീക്ഷ ഹാളിലേക്ക് കടത്തിവിട്ടതെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ ആകെ ഒരു ലക്ഷത്തിനാലായിരത്തി അറുപത്തിനാല് കുട്ടികളാണ് എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്.