കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷൻ വാദം. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മയക്കുമരുന്നു കടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് പ്രതികൾ കഞ്ചാവ് ചെടി ഉയർത്തി പിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിച്ചെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെച്ചു എന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്ന് പറഞ്ഞ പൊലീസ് ഇ ബുൾ ജെറ്റ് സഹോദരൻമാർ ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും കോടതിയിൽ വാദിച്ചു.
ALSO READ: ചെറിയ ആശ്വാസം: ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ഉപാധികളോടെ ജാമ്യം
വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്. തുടർന്ന് ആർ.ടി.ഒയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനാണ് പൊലീസ് ഇവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്‌തത്.