കണ്ണൂർ: തലശ്ശേരിയിൽ ലോട്ടറി വിൽപനക്കാരന്‍റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കൊടക്കളം സ്വദേശികളായ നിധിൻ ബാബു (27), കാവുംഭാഗം കോമത്ത് പാറയിലെ നൂർ മഹലിൽ സി.എ അസമിൽ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇരുവരും ചേർന്ന് മർദിച്ചതിനെ തുടർന്നുണ്ടായ പരിക്കിലാണ് 60കാരനായ വടക്കുമ്പാട് സ്വദേശി ബാലാജി എന്ന ബാലചന്ദ്രൻ മരിച്ചതെന്നാണ് കണ്ടെത്തൽ. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ബാലാജിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി സൂചനയുണ്ടായിരുന്നു.
തുടർന്ന് വിശദമായ പരിശോധനക്കായി സാമ്പിൾ കോഴിക്കോട് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒരാഴ്‌ചക്ക് ശേഷം പരിശോധന ഫലം വരാനിരിക്കെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി അബോധാവസ്ഥയിൽ കണ്ടെത്തിയ ബാലാജിയെ പ്രദേശവാസികൾ പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നഗരത്തിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ബാലചന്ദ്രൻ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. പുതിയ ബസ് സ്റ്റാന്‍റിലായിരുന്നു ഇയാൾ കിടന്നിരുന്നത്. നഗരത്തിൽ മയക്ക് മരുന്ന് ഇടപാട് നടത്തുന്നവരാണ് അറസ്റ്റിലുള്ളതെന്ന് പൊലീസ് സൂചന നൽകുന്നു.
ബാലചന്ദ്രന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ വെള്ളിയാഴ്‌ച മൃതശരീരം പൊതു ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്.
ALSO READ: പരസ്യ ശാസന അച്ചടക്ക നടപടികളില്‍ മൂന്നാമത്തെ മാര്‍ഗമെന്ന് സി.പി.എം ഭരണ ഘടന