കണ്ണൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലയിലെ കടകളും, മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം അഞ്ചു മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് അനുമതി. രാത്രി എട്ട് മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം ചെയ്യാം. ഹോട്ടലുകളില്‍ എത്തുന്നവരുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. വഴിയോരങ്ങളിലെ തട്ടുകടകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിരോധിച്ചു. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ജൂലൈ 31 വരെ പൂര്‍ണമായും അടച്ചിടും.
ഞായറാഴ്ച ദിവസങ്ങളില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല. ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്‍റൈന്‍ സംവിധാനം സ്‌പോണ്‍സര്‍മാര്‍/ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ സജ്ജമാക്കണം. മറ്റ് തൊഴിലാളികള്‍ക്ക് ക്വാറന്‍റൈന്‍ സംവിധാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റും ഏര്‍പ്പെടുത്തണം.
വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും ജില്ലയില്‍ എത്തിച്ചേരുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്. 'ഷോര്‍ട്ട് വിസിറ്റ് പാസ്' വഴി ജില്ലയില്‍ എത്തിച്ചേരുന്നവര്‍ പാസില്‍ അനുവദിച്ച സ്ഥലങ്ങളല്ലാത്ത മറ്റിടങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നും യഥാസമയം തിരിച്ച് പോകുന്നുണ്ടെന്നും തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും പൊലീസും പ്രത്യേകം ഉറപ്പുവരുത്തണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കണം. അവര്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം. എ.ടി.എം കൗണ്ടറുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ വാര്‍ഡ് തല കമ്മിറ്റികള്‍ അറിയാതെ സംഘടിപ്പിക്കരുത്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ അനുവദിച്ച എണ്ണവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ആരാധനാലയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി -ദുരന്തനിവാരണ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാ പൊലീസ് മേധാവി, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.