കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡന്‍റുമായ കല്ലിങ്കീൽ പദ്‌മനാഭനെ കോൺഗ്രസ് സസ്പെന്‍ഡ് ചെയ്‌തു. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിന് കൃത്യമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികളിൽ നിന്നും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബാലകൃഷ്‌ണന്‍ മാസ്റ്റർ, എം.പി വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.
സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ഗൗരവതരവും ബാങ്കിന്‍റേയും പാർട്ടിയുടേയും സുഗമായ മുന്നോട്ടുപോക്കിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഡിസിസി പ്രസിഡന്‍റ് ശുപാർശ ചെയ്‌തത്.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിന്മേലുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ബാങ്കിന്‍റെ പ്രസിഡന്‍റ്, ഡയറക്‌ടര്‍ എന്നി സ്ഥാനങ്ങൾ രാജിവെക്കാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയും, മുൻ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും കല്ലിങ്കീൽ പദ്‌മനാഭന് നിർദേശം നൽകിയിരുന്നു. ഡിസിസിയിൽ നിന്നും നൽകിയ കത്തിന് തൃപ്‌തികരമല്ലാത്ത മറുപടി നൽകിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.
Also read: വാർഷിക ഫീസ് അടച്ചില്ല; പരിയാരം ഗവ. മെഡിക്കൽ കോളജില്‍ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി