കണ്ണൂര്‍: സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം പേരാണ് ഒത്തുചേർന്നത്. അതിനിടെ പ്രതിഷേധക്കാരിൽ ചിലർ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിയും മുഴക്കി. റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നതിനു മുമ്പ് നിരവധി തവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായി ഒന്നും ചെയ്തില്ലെന്നും സർക്കാർ പറ്റിച്ചെന്നും പ്രതിഷേധിച്ചവർ പറഞ്ഞു.
ഇതിനിടെ സമരക്കാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുമെത്തി. പ്രതിഷേധം ശക്തമായതോടെ എസ്.പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും കേസിൽപെട്ടാൽ കിട്ടുന്ന ജോലി പോകുമെന്നും എസ്പി മുന്നറിയിപ്പ് നൽകി. പ്രതിഷേധിച്ച ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാക്കിയുള്ളവരെ പൊലീസ് സ്ഥലത്തു നിന്നും മാറ്റി. 1870 പേരാണ് സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലുള്ളത്. എന്നാല്‍ ഇതില്‍ മുപ്പത് ശതമാനം പേര്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.