കണ്ണൂര്‍: കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് പട്ടുവം പോസ്റ്റ് ഓഫീസുള്ളത്. ചെറിയ മഴയത്ത് പോലും ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക്ക് ഷോക്കും വില്ലനാണ്. ജീവനക്കാർ വലിയ ഭീതിയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. 70 വർഷത്തിലേറെ പഴക്കമുള്ള വീടിന്‍റെ ഒരു മുറിയിലാണ് പട്ടുവം പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ പോസ്റ്റ് ഓഫിസ് നിലവിൽ വന്നിട്ട് തന്നെ 40 വർഷത്തോളമായി. പഴക്കം കൊണ്ട് ശോചനീയാവസ്ഥയിലായ കെട്ടിടം അറ്റകുറ്റപണികൾ പോലും നടത്താനാവാത്ത സ്ഥിതിയാണ്.
പോസ്റ്റ് ഓഫിസ് സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും നിരവധി വർഷത്തെ പഴക്കമുണ്ട്. ചുമരുകൾ വിണ്ടുകീറിയ കെട്ടിടത്തിന്‍റെ മേൽക്കൂരയും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ചോർച്ച കാരണം മുറിക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. മഴയത്ത് ചോർച്ച കാരണം ഷീറ്റിലേക്ക് വീഴുന്ന മഴവെള്ളം ബക്കറ്റിൽ ശേഖരിച്ച് പുറത്ത് കൊണ്ടു കളയാറാണ് പതിവ്. ചുമരിൽ ഈർപ്പം കെട്ടി നിന്ന് വയറിങ്ങിൽ നിന്ന് ഷോക്കേൽക്കുന്നതും നിത്യ സംഭവമാണ്. ഇത് ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്കായി പോസ്റ്റ് ഓഫിസിലെത്തുന്നവരുടെയും ജീവന് തന്നെ ഭീഷണിയാകുകയാണ്.
പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. പഴയ കെട്ടിടമായതിനാൽ തന്നെ ചോർച്ച മൂലം ഫയലുകൾ നശിക്കുകയും പാമ്പുകൾ കയറുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്. പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ആരും കെട്ടിടം നൽകാൻ തയാറാകുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.