കണ്ണൂര്‍: വീണ്ടുമൊരു മഴക്കാലം കൂടി വരവായി. കണ്ണൂര്‍ ആറളം ആദിവാസി കോളനിയിലെ സ്ത്രീകള്‍ ഇപ്പോള്‍ കുടനിര്‍മാണത്തിന്‍റെ തിരക്കിലാണ്. ഊരുകള്‍ പട്ടിണിയിലാകാതിരിക്കാനും ജീവനും ജീവിതവും നിലനിര്‍ത്താനും പുതുവഴി തേടുന്നതിന്‍റെ ഭാഗമായാണ് ഊരിലെ സ്ത്രീകളുടെ ഈ കുടനിര്‍മ്മാണം. പല വര്‍ണ്ണങ്ങളിലായി കുടകള്‍ ഉടന്‍ വിപണിയില്‍ എത്തും.
ട്രൈബല്‍ ഗ്രൂപ്പിന്‍റെ പേരില്‍ തന്നെയാണ് കുട വിപണിയില്‍ എത്തുന്നത്. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തിലാണ് പ്രത്യേക പരിശീലനം നടത്തുന്നത്. ജില്ലയില്‍ ആദ്യമായാണ് ട്രൈബല്‍ ഗ്രൂപ്പിന്‍റെ പേരില്‍ ബ്രാന്‍റഡ് കുട നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടായിരം കുടകളാണ് നിര്‍മിക്കുന്നത്.
ആറളം പ്രത്യേക പട്ടിക വര്‍ഗ പദ്ധതിയുടെ ഭാഗമായാണ് ആദിവാസികള്‍ക്കിടയിലെ വനിതകള്‍ക്ക് കുട നിര്‍മാണതില്‍ പരിശീലനം സംഘടിപ്പിച്ചത്. ആറളം ഫാമിലെ 28 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇതില്‍ നിന്ന് മിടുക്കരായ 11 പേരെ തെരഞ്ഞെടുക്കുകയും ഇവര്‍ക്ക് വീണ്ടും മൂന്ന് ദിവസത്തെ പരിശീലനം നല്‍കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ കാലാപരിധി കഴിഞ്ഞതിനാല്‍ സ്വയം തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതകള്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം അവസാനത്തോടെ കുട വിപണിയില്‍ എത്തും.
also read: 301 കോളനി ആദിവാസി ഭൂമിയിലെ കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്