കണ്ണൂര്‍: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എംഎൽക്കെതിരായ കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്ട്രർ ചെയ്തു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി വി. മധുസൂദനനാണ് അന്വേഷണ ചുമതല. യുഡിഎഫ് ഭരണത്തിലിരിക്കെ അഴീക്കോട് സ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിച്ചതിന് പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. പത്മനാഭന്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവായത്. കേസെടുക്കാന്‍ സ്പീക്കര്‍ മാര്‍ച്ച് 13ന് അനുമതി നല്‍കിയിരുന്നു. മാർച്ച് 16 നാണ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ല്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്മെന്‍റ് ഷാജിക്ക് നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‌ലിംലീഗ് പ്രാദേശിക നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം ആരംഭിക്കാനാണ് വിജിലൻസ് തീരുമാനം.