വയനാട്: ജില്ലയിൽ ഇന്ന് ആറു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 28ന് ദുബായിൽ നിന്നെത്തിയ മേപ്പാടി ആനപ്പാറ സ്വദേശിയായ ഇരുപത്തിയേഴുകാരൻ, മാനന്തവാടി സ്വദേശിയായ നാല്‍പത്തിരണ്ടുകാരി, കുവൈറ്റിൽ നിന്ന് മെയ് 27ന് നിന്നെത്തിയ വൈത്തിരി അച്ചൂരാനം സ്വദേശിയായ മുപ്പത്തിയാറുകാരി എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. മഹാരാഷ്ട്രയിൽ നിന്ന് ഈ മാസം നാലിന് ജില്ലയിലെത്തിയ നെന്മേനി സ്വദേശികളായ നാല്‍പ്പത്തിയേഴുകാരിക്കും ഇരുപത്തിരണ്ടുകാരനും ബെംഗലൂരുവില്‍ നിന്ന് മെയ് 29ന് ജില്ലയിലെത്തിയ കൽപ്പറ്റ റാട്ടകൊല്ലി സ്വദേശിയായ മുപ്പതുകാരനും രോഗം ബാധിച്ചു.
ഇന്ന് രണ്ടുപേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച 21 പേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.