വയനാട്: ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിയവരാണ്. 16 പേർക്കു കൂടി രോഗം ഭേദമായി. അതേസമയം തിരുനെല്ലി, പുൽപ്പള്ളി മേഖലകളിൽ ആശങ്ക തുടരുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തെ ഡോക്ടർക്കും പുൽപ്പള്ളിയിൽ ബാങ്ക് മാനേജർക്കും കഴിഞ്ഞദിവസം കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. കേരള- കർണാടക അതിർത്തിയിൽ ബാവലി ചെക്ക്പോസ്റ്റിലെ കർണാടകയുടെ പരിശോധന കേന്ദ്രത്തിലും കാട്ടിക്കുളത്ത് സ്വകാര്യ ക്ലിനിക്കിലുമായാണ് ഡോക്ടർ ജോലിചെയ്തിരുന്നത്.
കാട്ടിക്കുളത്തെ ക്ലിനിക്കില്‍ മാത്രം അറുനൂറിലധികം പേർ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടി എത്തിയിരുന്നുവെന്നാണ് രജിസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്‍റെ ഡോക്ടറായ ഭാര്യയും ഇവിടെ പരിശോധന നടത്തിയിട്ടുണ്ട്. ചികിത്സക്കെത്തിയവരെ പ്രാദേശികമായി കണ്ടെത്തി നിരീക്ഷണത്തിലാക്കാനും സ്രവ പരിശോധന നടത്താനുമുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം ഡോക്ടറുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായതായി വിമർശനം ഉയരുന്നുണ്ട്.
പുൽപ്പള്ളിയിലെ ബാങ്ക് മാനേജറുടെ സമ്പർക്ക പട്ടികയിൽ മൂന്ന് പഞ്ചായത്തിൽ ഉള്ളവരുണ്ട്. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി എന്നീ പഞ്ചായത്തുകളിൽ ഉള്ള ഇരുന്നൂറോളം പേരാണ് പ്രാഥമിക പട്ടികയിലുള്ളത്. പുൽപ്പള്ളി സ്റ്റേഷനിലെ അഞ്ച് പൊലീസുകാരും ഇതിൽ ഉൾപ്പെടുന്നു. 3556 പേരാണ് ജില്ലയിൽ മൊത്തം നിരീക്ഷണത്തിലുള്ളത്.