വയനാട്: സുല്‍ത്താൻ ബത്തേരിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. 54,000 പാക്കറ്റ് ഹാൻസ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ അരക്കോടി രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട്, കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ രണ്ട് പേർ പിടിയിലായി. ഡ്രൈവർ പൊയിലങ്ങൽ വീട്ടിൽ മുഹമ്മദ് ജെംഷീർ (34), സഹായി പരട്ടക്കുന്നുമ്മൽ അബ്ദുൾ ബഷീർ കെ.കെ എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ കോട്‌പ ആക്റ്റ് പ്രകാരം കേസെടുത്തു.
എക്സൈസ് ഇന്‍റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ച് ഉദ്യോഗസ്ഥരും എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ശർക്കര ലോഡിന്‍റെ മറവിൽ 36 ചാക്കുകളിലായി ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇവ. ബത്തേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി കൊണ്ടുവരികയായിരുന്നു ഇവ.