വയനാട്: പുൽപ്പള്ളിയിൽ കണ്ടത് യഥാർഥ വെട്ടുകിളിയല്ലെന്ന് തൃശൂർ പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ. പുൽച്ചാടിവർഗത്തിൽ പെടുന്ന മറ്റൊരു കീടമാണ് എന്നാണ് ഇവിടെ പഠനം നടത്തിയ ശാസ്ത്രജ്ഞൻ ധനീഷ് ഭാസ്കറിന്‍റെ കണ്ടെത്തൽ. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്‍റെ (ഐ.യു.സി.എന്‍) പ്രത്യേക പുൽച്ചാടി പഠന വിഭാഗത്തിലെ അംഗം കൂടിയാണ് ഇദ്ദേഹം.
വയനാട്ടിൽ കണ്ട കീടത്തെ കോഫി ലോക്കസ്റ്റ് എന്ന് വിളിക്കുന്നുണ്ടെങ്കിലും ഇത് യഥാർഥ വെട്ടുക്കിളികളല്ല. സ്പോട്ടഡ് കോഫി ഗ്രാസ്ഹോപ്പറാണെന്നുമാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തൽ. വടക്കേ ഇന്ത്യയിൽ നാശം വിതക്കുന്ന വെട്ടുകിളികളുമായി ഇവയ്ക്ക് പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. മണ്ണിനടിയിലെ മുട്ടകൾ കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുൽച്ചാടി കൂട്ടങ്ങൾ രണ്ടുമൂന്നു മാസത്തിനുള്ളിൽ ഒരുമിച്ച് ഒരേ ദിശയിലേക്ക് ദേശാടനം നടത്തുന്നു എന്നതാണ് ഒന്ന്.
സാധാരണ ഒറ്റയ്ക്കുള്ള ചെറിയ കൂട്ടങ്ങളായി കാണുന്ന മറ്റൊരു ഇനം അനുകൂല സാഹചര്യങ്ങളിൽ ഒരുമിച്ച് വിരിഞ്ഞ് ഇറങ്ങുമ്പോൾ വലിയ കൂട്ടങ്ങളാവുകയും ഇവയുടെ നിറം, പെരുമാറ്റം അന്തർഗ്രന്ഥി സ്രവം തുടങ്ങിയവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്ന പുൽച്ചാടികൾ കൂടുതൽ അപകടകാരികളായി മാറാറുണ്ട്.
വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിൽ കാണുന്ന വെട്ടുകിളികൾ ഈ വർഗത്തിൽ പെട്ടതാണ്. എന്നാൽ വയനാട്ടിലെ പുൽപ്പള്ളിയിൽ കണ്ടെത്തിയ പുൽച്ചാടി വര്‍ഗത്തിലുള്ള കീടം ദേശാടനം നടത്തുന്നില്ല. വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ കാണുന്ന തരത്തിലുള്ള വെട്ടുക്കിളികളുടെത് പോലുള്ള ഒരു പരിവർത്തനവും വയനാട്ടിൽ പുൽച്ചാടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ഇദ്ദേഹം പറയുന്നു. 1939ൽ തിരുവിതാംകൂർ ഭാഗത്ത് ഈ തരത്തിൽ പെടുന്ന പുൽച്ചാടിയെ വലിയ കൂട്ടമായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ അതിനുശേഷം അത്ര വലിയ കൂട്ടങ്ങളെ കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ധനേഷ് ഭാസ്കർ പറയുന്നു. വയനാട്ടിൽ കണ്ടെത്തിയ പുൽച്ചാടികൾ കൃഷിക്ക് വടക്കേ ഇന്ത്യയിൽ ഉണ്ടായതു പോലുളള വലിയ നാശമുണ്ടാക്കാൻ സാധ്യത ഇല്ലെന്നാണ് ഇദ്ദേഹത്തിന്‍റെ അനുമാനം.