വയനാട്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലമാണ് വയനാട്. മൂന്ന് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട്ടിലെ ജയം കോൺഗ്രസിന് അഭിനമാനപ്പോരാട്ടമാണ്. കാരണം ഇവിടുത്തെ തോല്‍വി രാഹുല്‍ ഗാന്ധിയുടെ തോല്‍വിയായി പോലും സംസ്ഥാന - ദേശീയ തലങ്ങളില്‍ ചര്‍ച്ചയാകും. വയനാട് ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ.
കഴിഞ്ഞ തവണ സിപിഎം ജയിച്ച മണ്ഡലത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് ഇത്തവണ എല്‍ഡിഎഫില്‍ നിന്ന് മത്സരിക്കുന്നത് കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റ എല്‍ജെഡി ആയിരിക്കും. എല്‍ജെഡി മുന്നണി വിട്ടതോടെ യുഡിഎഫില്‍ ഒഴിവ് വന്ന സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത.
മണ്ഡല ചരിത്രം
നിരവധി മന്ത്രിമാരെ സംസ്ഥാനത്തിന് നല്‍കിയ മണ്ഡലമാണ് കല്‍പ്പറ്റ. 1967ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബി. വെല്ലിങ്‌ടണ്‍ ഇടതുപക്ഷ സര്‍ക്കാരില്‍ രണ്ട് വര്‍ഷം ആരോഗ്യമന്ത്രിയായിരുന്നു. മന്ത്രിയായിരിക്കെ അഴിമതിയാരോപണവും നേരിട്ടു. ഈ സംഭവത്തില്‍ എം.എൻ ഗോവിന്ദനെതിരെയും, ടിവി തോമസിനെതിരെയും അന്വേഷണം പ്രഖ്യാപിച്ച ഇഎംഎസിന്‍റെ തീരുമാനം സംസ്ഥാനത്തെ സിപിഐ- സിപിഎം പോരിലെ ഒരിക്കലും മറക്കാനാകാത്ത അധ്യായമാണ്.
1977 ല്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ജി അടിയോടിയും മന്ത്രിയായി. കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം പാര്‍ട്ടിയിലെ നിര്‍ണായക തലങ്ങളി അടിയോടി പ്രവർത്തിച്ചു. 1980 ലും 1982 ലും കൽപ്പറ്റയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എം. കമലം, കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായി ചുമതല വഹിച്ചു. വിമോചന സമരകാലത്ത് ജയിൽ വാസം അനുഭവിച്ച എം കമലം കേരള രാഷ്‌ട്രീയത്തിലെ വനിതാ നേതാക്കളില്‍ പ്രമുഖയായിരുന്നു.
1987 മുതല്‍ 1991 വരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എംപി വീരേന്ദ്ര കുമാർ നായനാർ മന്ത്രിസഭയിലെത്തിയെങ്കിലും രാജിവെച്ചു. 1991 മുതല്‍ 2001 വരെ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്‌തത് കെ.കെ രാമചന്ദ്രൻ മാസ്റ്ററായിരുന്നു. എ.കെ. ആന്‍റണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും രാമചന്ദ്രൻ പ്രവര്‍ത്തിച്ചു.
2006 മുതല്‍ 2016 വരെ എം.വി ശ്രേയാംസ് കുമാര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. തുടര്‍ച്ചയായി മൂന്നാ തവണയും മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് 2016 ല്‍ ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടത്. 2016ല്‍ സി.കെ ശശീന്ദ്രനിലൂടെയാണ് ഇടതുപക്ഷം മണ്ഡലം പിടിച്ചെടുത്തത്.
വയനാട്ട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയും, മുട്ടില്‍, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കല്‍പ്പറ്റ നിയമസഭാ മണ്ഡലം. 1,96,489 വോട്ടര്‍മാരുള്ള ജില്ലയില്‍ 96,341 പേര്‍ പുരുഷൻമാരും 1,00,148 പേര്‍ സ്‌ത്രീകളുമാണ്.
2011 നിയമസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും മത്സരത്തിനിറങ്ങിയ എസ്‌ജെഡി സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാർ വിജയം ആവര്‍ത്തിക്കുകയായിരുന്നു. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 52.94 ശതമാനം നേടിയ ശ്രേയാംസ് കുമാറിന് 67,018 വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചു. പി.എ മുഹമ്മദ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി 38.59 ശതമാനത്തില്‍ 48,849 പേരുടെ പിന്തുണയാണ് സിപിഎം സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ശ്രേയാംസ് കുമാറിന് 13,083 വോട്ടിന്‍റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് 5.2 ശതമാനം വോട്ടര്‍മാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
2016 നിയമസഭാ തെരഞ്ഞെടുപ്പ്
ഹാട്രിക് വിജയം ലക്ഷ്യമിട്ട് യുഡിഎഫ് 2016ല്‍ ശ്രേയാംസ് കുമാറിനെ രംഗത്തിറക്കി. ജെഡിയും രൂപീകരിച്ചതിന് ശേഷമുള്ള ശ്രേയാംസ് കുമാറിന്‍റെ ആദ്യ മത്സരം. അപ്പോഴേക്കും സുരക്ഷിത മണ്ഡലമാണ് കല്‍പ്പറ്റയെന്ന തോന്നല്‍ ശ്രേയാംസ് കുമാറിനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. വര്‍ഷങ്ങള്‍ നീണ്ട യുഡിഎഫ് തരംഗത്തിന് സി.കെ ശശീന്ദ്രൻ തടയിട്ടു. എല്‍ഡിഎഫ് ബാനറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി 72,959 പേരുടെ പിന്തുണയോടെ 48.35 ശതമാനം വോട്ട് സ്വന്തമാക്കി. യുഡിഎഫ് വോട്ടു ശതമാനത്തിന് വലിയ ഇടിവുണ്ടായി. 2011 ലെ 52.94 ശതമാനം പിന്തുണ 2016 ല്‍ 39.68 ശതമാനമായി ഇടിഞ്ഞു. 59,876 വോട്ടുകള്‍ മാത്രമാണ് ശ്രേയാംസ് കുമാറിന് സ്വന്തമാക്കാനായത്. മൂന്നാം സ്ഥാനത്തുള്ള ബിജെപി 8.57 ശതമാനം വോട്ട് നേടി.
2020 തദ്ദേശ തെരഞ്ഞെടുപ്പ്
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഹുല്‍ തരംഗം ഒരു പരിധിവരെ തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിലെ പഞ്ചായത്തുകളായ മുട്ടില്‍, മേപ്പാടി, കണിയാമ്പറ്റ, കോട്ടത്തറ, പൊഴുതന, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ എന്നിവ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ മണ്ഡലത്തിലെ ഏക നഗരസഭയായ കല്‍പ്പറ്റ എല്‍ഡിഎഫ് പിടിച്ചെടുത്തു. വൈത്തിരി, വേങ്ങപ്പള്ളി പഞ്ചായത്തുകളും എല്‍ഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്.
ഇത്തവണ മത്സരിച്ചില്ലെങ്കിലും സി.കെ ശശീന്ദ്രന്‍റെ ജനകീയ മുഖം കരുത്താകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. മറുവശത്ത് രാഹുല്‍ ഗാന്ധിയെ അടക്കം രംഗത്തിറക്കി അനുകൂല വിധിയുണ്ടാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമം. തൊഴിലാളി വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും പ്രതീക്ഷകള്‍ ഒരുപോലെയാണ്.