വയനാട്: വാനില കൃഷിയിൽ പുത്തൻ രീതി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് ചീയമ്പം സ്വദേശിയായ സി.വി വർഗീസ്. മഴമറയ്ക്കുള്ളിൽ പിവിസി പൈപ്പിൽ പടർത്തിയാണ് ഇദ്ദേഹം വാനില കൃഷി ചെയ്യുന്നത്.
ചീയമ്പം ചെറുതോട്ടിൽ സി.വി വർഗീസിന് കൃഷി പരീക്ഷണ വേദി കൂടിയാണ്. താങ്ങുമരങ്ങൾ ഇല്ലാതെ വാനില കൃഷി ചെയ്യുന്നത് അത്തരമൊരു പരീക്ഷണത്തിന്‍റെ ഭാഗമായാണ്. പിവിസി പൈപ്പിൽ കയർ ചുറ്റി അതിൽ ചാണകം തേച്ചുപിടിപ്പിച്ചാണ് വാനിലച്ചെടികൾ പടർത്തുന്നത്. മഴമറക്കുള്ളിലായതിനാൽ കനത്ത മഴയും, വെയിലുമൊന്നും ചെടിയെ ബാധിക്കില്ല. ഒരു ചെടിയുടെ തന്നെ മൂന്ന് ഭാഗങ്ങളിൽ കിഴങ്ങ് ഉണ്ടാകും വിധം മരച്ചീനി നട്ടുപിടിപ്പിച്ചിട്ടുണ്ട്. വെർട്ടിക്കൽ രീതിയിൽ കൂർക്കയും, കാരറ്റും കൃഷി ചെയ്തത് വൻ വിജയമായി. മണ്ണില്ലാതെയും വർഗീസ് കൃഷി ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ കൃഷിയിടം സന്ദർശിക്കാനിരിക്കുകയാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ.