ആലപ്പുഴ: ഹരിപ്പാട് ചെന്നിത്തലയിൽ യുവദമ്പതികളെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്‍റിങ് തൊഴിലാളിയായ അടൂർ കുരമ്പാല കുന്നുകോട്ട് വിളയിൽ ജിതിൻ (30), വെട്ടിയാർ സ്വദേശി ദേവിക ദാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് ഇറങ്ങി പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തിൽ താമസിക്കുകയായിരുന്നു. പ്രായപൂർത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ പെയിന്‍റിങ് കരാറുകാരൻ ജിതിൻ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേവികയെ കട്ടിലിലും ജിതിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദേവികയെ കൊലപ്പെടുത്തിയ ശേഷം ജിതിൻ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ പൊലീസ് തയാറായില്ല. ഇരുവരുടെയും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമേ ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകു. സംഭവസ്ഥലത്ത് ഫൊറൻസിക്ക് വിദഗ്‌ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധനക്ക് വേണ്ടി സ്രവം ശേഖരിച്ചു. തുടർന്ന് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.