ആലപ്പുഴ: രണ്ടു വർഷങ്ങൾക്ക് മുൻപ് വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ ലിത്വാനിയ സ്വദേശിയായ ക്രിസ്റ്റീന സൊമാസ്‌കൈറ്റ് കേരളത്തിലുമെത്തി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കണ്ടുവന്ന ക്രിസ്‌റ്റീനക്ക് കേരളം മാറ്റിവച്ചത് പുതിയൊരു ജീവിതമാണ്.
വഴികാട്ടിയില്‍ നിന്ന് ജീവിതത്തിലേക്ക്
ആലപ്പുഴ തുമ്പോളിയിലെ ഹോംസ്റ്റേയിൽ നിശാഗാന സന്ധ്യയിൽ വെച്ച് ജോൺസണിനെ കണ്ടുമുട്ടുന്നു. പിന്നീട് ആലപ്പുഴയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജോൺസൺ വഴികാട്ടിയാകുന്നു. അങ്ങനെയായിരുന്നു അവരുടെ സൗഹൃദത്തിന്‍റെ ആരംഭം. ഒടുവിൽ അത് എത്തിനിൽക്കുന്നത് വിവാഹമെന്ന സ്വപ്‌നത്തിലാണ്.
സാമൂഹിക പ്രവർത്തനത്തിൽ വ്യാപൃതരാകുന്ന ഇരുവരും മൃഗസ്‌നേഹികൾ കൂടിയാണ്. കാർ തട്ടി അവശനിലയിലായ നായയെ രക്ഷിക്കാൻ പോയ ജോൺസൺ ക്രിസ്റ്റീനയെയും ഒപ്പം കൂട്ടി. ഈ സാഹചര്യത്തിലാണ് ഇരുവരും അഭിരുചിയും താൽപര്യങ്ങളും പങ്കുവച്ചത്. ഇത് ദൃഢ സൗഹൃദമായി വളരുകയും തുടർന്നത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
2020ൽ കൊവിഡിനെ തുടർന്ന് സ്വന്തം രാജ്യത്തേക്ക് തിരികെ പോകേണ്ടിവന്ന ക്രിസ്റ്റീനയും ജോൺസണും പ്രണയം കൈവിട്ടില്ല. 2021ൽ ഇരുവരും നേപ്പാളിൽ കണ്ടുമുട്ടി. സന്നദ്ധപ്രവർത്തനങ്ങളുമായി സമയം ചെലവിട്ട ഇരുവരും തുടർന്ന് പ്രണയം തുറന്നുപറഞ്ഞു. ആദ്യം കുടുംബങ്ങൾ എതിർത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിച്ചു.
തുമ്പോളി കടപ്പുറത്ത് ഹോംസ്റ്റേ നടത്തുകയാണ് 34കാരനായ ജോൺസൺ. ലിത്വാനിയയിലെ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയിലാണ് ക്രിസ്റ്റീന ജോലി ചെയ്യുന്നത്. 33കാരിയായ ക്രിസ്റ്റീന ഇതിനോടകം 83 രാജ്യങ്ങളാണ് സന്ദർശിച്ചത്. സഞ്ചാരവും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
ALSO READ: ഈ പ്രണയ ദിനത്തില്‍ ചരിത്രം കുറിക്കാൻ ഒരു ട്രാൻസ്ജെൻഡർ വിവാഹം