ആലപ്പുഴ: പലതും മറന്നുപോകുന്നുവെന്ന് പരാതിപ്പെടുന്നവർക്ക് മുന്നിൽ അത്ഭുതമാകുകയാണ് ഒന്നര വയസുകാരൻ ധ്യാൻ രാഹുൽ. കളിപ്പാട്ടങ്ങളുമായി കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ധ്യാൻ ഇടം നേടിക്കഴിഞ്ഞു. ആലപ്പുഴ എടത്വാ സ്വദേശി രാഹുലിന്‍റെയും അനുഷയുടെയും മകനായ ധ്യാൻ പതിനാറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒഴിവുസമയങ്ങളിൽ അമ്മ പറഞ്ഞുകൊടുക്കുന്നതാണ് ധ്യാൻ കേട്ടു പഠിക്കുന്നത്. ഒരു തവണ കേട്ടാൽ സാധനങ്ങളുടെ പേരുകൾ ധ്യാൻ ഓർമ്മ വെക്കും. പിന്നീട് അത് ചോദിക്കുമ്പോൾ അവ ചൂണ്ടികാണിക്കും. വളരെ ചെറുപ്പത്തിൽ തന്നെ സാധനങ്ങളുടെ പേരുകൾ പറയാൻ ശ്രമിക്കുകയും തിരിച്ചറിയുകയും ചെയ്‌തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ധ്യാന്‍റെ അമ്മ അനുഷയാണ് ഇത്തരത്തിലൊരു കഴിവ് മകനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് ഓരോരോ സാധനങ്ങളുടെയും പക്ഷികളുടെയും പേരുകളും ചിത്രവും കാണിച്ച് കൊടുത്തു. അവയും പെട്ടന്ന് മനസ്സിലാക്കി പറയുന്നത് കണ്ടതോടെയാണ് മകന്റെ കഴിവുകൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനും അയച്ചു കൊടുത്തത്.
16 ടൂളുകളുടെ പേർ ഒന്നര മിനിറ്റിൽ
സ്പാനർ, സ്ക്രൂഡ്രൈവർ, ഗ്രില്ലിംഗ് മെഷീൻ അങ്ങനെ 16 ടൂളുകളുടെ പേരാണ് ധ്യാൻ ഒന്നര മിനിറ്റിൽ തിരിച്ചറിഞ്ഞു. ഇങ്ങനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിലും ഈ മിടുക്കൻ സ്വന്തമാക്കി. ടൂൾസുകൾ കൂടാതെ പഴം - പച്ചക്കറികൾ, പക്ഷികൾ, മൃഗങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, നിത്യോപയോഗ വീട്ടുസാധനങ്ങൾ തുടങ്ങി എല്ലാം ഇപ്പോൾ ധ്യാനിന് കൃത്യമായി തിരിച്ചറിയാം.
മകന്‍റെ ഓർമ്മശക്തി വലിയൊരു അനുഗ്രഹമായാണ് മാതാപിതാക്കൾ കാണുന്നത്. ധ്യാൻ വളരുന്നതിനനുസരിച്ച് കൃത്യമായ പരിശീലനവും കരുതലും നൽകണമെന്നാണ് രാഹുലിന്‍റെയും അനുഷയുടെയും ആഗ്രഹം. ഒന്നര വയസിൽ ഈ നേട്ടങ്ങൾ സ്വന്തമാക്കിയ കുഞ്ഞു ധ്യാൻ ഇതിനോടകം തന്നെ നാട്ടിൽ താരമാണ്.
ALSO READ: ബംഗാൾ റോയല്‍ കടുവയെ റോയലായി പിടികൂടി കാട്ടിലേക്ക് അയക്കുന്ന ദൃശ്യങ്ങൾ